തിരുവനന്തപുരം: ശാസ്ത്രത്തിനും അതീതമായി ഒരു ശക്തിയുണ്ടെന്ന് നടി ലക്ഷ്മിപ്രിയ. ആ ശക്തിയുടെ കൃപയാലാണ് സുനിത വില്യംസും ബൂച്ചും തിരികെ ഭൂമിയിൽ എത്തിയത്. ഉന്നതിയിലും ശാസ്ത്രത്തിലും വിരാജിക്കുമ്പോഴും അചഞ്ചലമായ ഈശ്വര ഭക്തിയും വിശ്വാസവും മുറുകെ പിടിച്ച സുനിത വില്യംസിനും ബൂച്ചിനും ആശംസകളെന്നും, ഇതാണ് നാം നമ്മുടെ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ടതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.
സയൻസ് അഥവാ ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കിൽ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ എത്തിയേനെ. അല്ലാതെ ഒൻപതു മാസം എടുക്കില്ലായിരുന്നു.അപ്പൊ ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്. ആ ശക്തിയ്ക്ക് മുൻപിൽ ആണ് സുനിത വില്യംസും ബൂച്ചും ഒക്കെ വണങ്ങുന്നത്.. ആ ശക്തിയുടെ കൃപയാൽ ഇത്ര യധികം കോടി മനുഷ്യരുടെ പ്രാർത്ഥനയാൽ അവർ ഭൂമിയിലെത്തിയെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ കുറിച്ചു.
മുൻ ബഹിരാകാശ യാത്രിക കല്പനാ ചൗളയ്ക്ക് സംഭവിച്ചത് ഓർക്കുക. എല്ലാ പേടകങ്ങളും ലക്ഷ്യത്തിൽ എത്താറില്ല!. അതീവ സുരക്ഷയോടെ എന്ന് പറഞ്ഞ് നിർമ്മിച്ച ടൈറ്റാനികിന് എന്താണ് സംഭവിച്ചത്. ശാസ്ത്രം എത്ര വളർന്നു വലുതായി എത്ര ഐവിഎഫ് ചെയ്താലും ജനിക്കാൻ ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങൾ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ!.ഏത് രോഗത്തിലും എത്ര ശാസ്ത്രം എന്തു കണ്ടുപിടിച്ചാലും രോഗി ശാസ്ത്രത്തെ അമ്പരപ്പിച്ചു കൊണ്ട് ചികിത്സ ഫലിയ്ക്കാതെ വിട പറയും.
എത്ര ഉയരത്തിൽ എത്തുമ്പോഴും അതിനും ഉയരെ നോക്കി എന്നെയും നയിക്കുന്ന എനിക്കും മുകളിൽ ഒരു ശക്തിയുണ്ട് എന്ന് തിരിച്ചറിയുമ്പോഴാണ് നാം എളിമയുള്ളവരാകുന്നതും പ്രകൃതി കൂടുതൽ കൃപ നമ്മോടു ചൊരിയുന്നതും. ഉന്നതിയിലും ശാസ്ത്രത്തിലും വിരാജിക്കുമ്പോഴും അചഞ്ചലമായ ഈശ്വര ഭക്തിയും വിശ്വാസവും മുറുകെ പിടിച്ച സുനിത വില്യംസിനും ബൂച്ചിനും ആശംസകൾ. ഇതാണ് നാം നമ്മുടെ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ടതെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേർത്തു.
Discussion about this post