രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പ്രധാന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയിലെ സ്ത്രീകളിൽ വിളർച്ച വ്യാപകമാകുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
രാജ്യത്തെ ഓരോ 5 സ്ത്രീകളിലും 3 പേർ വിളർച്ച അനുഭവിക്കുന്നുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. വിളർച്ചയുടെ ലക്ഷണങ്ങളെ നിസ്സാരമായി അവഗണിക്കരുത് എന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്.
ശരീരത്തിൽ ആവശ്യത്തിന് ആരോഗ്യകരമായ ചുവന്ന രക്താണുക്കളോ ഹീമോഗ്ലോബിനോ ഇല്ലാതിരിക്കുമ്പോഴാണ് വിളർച്ച ഉണ്ടാകുന്നത്. രക്തക്കുറവുമായി ബന്ധപ്പെട്ട ഒരു രോഗമാണ് വിളർച്ച എങ്കിലും, അത് മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. ക്ഷീണം, ബലഹീനത, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ ആണ് വളർച്ചയുമായി ബന്ധപ്പെട്ട് ഉണ്ടാകാറുള്ളത്. കടുത്ത പ്രശ്നങ്ങളല്ലാത്തതിനാൽ പല സ്ത്രീകളും ഈ ലക്ഷണങ്ങളെ അവഗണിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇങ്ങനെ അവഗണിക്കുന്നത് സ്ഥിതി കൂടുതൽ ഗുരുതരം ആകാൻ കാരണമായി തീരുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
ഇരുമ്പ്, വിറ്റാമിൻ ബി-12 അല്ലെങ്കിൽ ഫോളേറ്റ് കുറവ്, ചിലതരം വിട്ടുമാറാത്ത രോഗങ്ങൾ അല്ലെങ്കിൽ ജനിതക വൈകല്യങ്ങൾ എന്നിവ കാരണമാണ് ഭൂരിഭാഗം സ്ത്രീകളിലും വിളർച്ച അനുഭവപ്പെടുന്നത്. നിലവിലെ സ്ഥിതിയിൽ കൗമാരക്കാരിൽ പോലും വിളർച്ച വ്യാപകമായിരിക്കുകയാണ്. കൂടാതെ രാജ്യത്തെ ഗർഭിണികളിൽ ഭൂരിഭാഗം പേരും വിളർച്ച നേരിടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യൻ സ്ത്രീകളിൽ ഇരുമ്പ് അടങ്ങിയ ഭക്ഷണക്രമം കുറഞ്ഞുവരുന്നതാണ് ഈ പ്രശ്നം വഷളാക്കുന്നത് എന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഇലക്കറികൾ പോലെ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ സ്ത്രീകളിൽ ഭൂരിഭാഗവും ഒഴിവാക്കുന്നതാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണം.
പച്ച ഇലക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ എന്നിവയുടെ കുറവ് വിറ്റാമിൻ ബി 12 ന്റെയും ഫോളിക് ആസിഡിന്റെയും കുറവിന് കാരണമാകുന്നു. സ്ത്രീകളിലെ വിളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണവും ഇതുതന്നെയാണ്. ജങ്ക് ഫുഡും സംസ്കരിച്ച ഭക്ഷണവും അമിതമായി കഴിക്കുന്നതും ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗവും വിളർച്ചയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ആർത്തവ സമയത്ത് അമിതമായി രക്തസ്രാവം ഉണ്ടാകുന്ന സ്ത്രീകൾക്ക് ഹീമോഗ്ലോബിന്റെ അളവ് വളരെയധികം കുറയുകയും അമിതമായ രീതിയിൽ വിളർച്ച പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതാണ്.
വിളർച്ച തടയാൻ, ശരിയായ ഭക്ഷണക്രമം പാലിക്കേണ്ടത് ഏറ്റവും പ്രധാനമാണ്. ഇതിനായി ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക.
പച്ച ഇലക്കറികൾ, ബീറ്റ്റൂട്ട്, മാതളനാരങ്ങ, ആപ്പിൾ, ശർക്കര, ഉണങ്ങിയ പഴങ്ങൾ എന്നിവ കഴിക്കുന്നത് വിളർച്ചയെ തടയും. കൂടാതെ ശരീരത്തിൽ എത്തുന്ന ഇരുമ്പിനെ ശരിയായി ആഗിരണം ചെയ്യാൻ വിറ്റാമിൻ സിയും ആവശ്യമാണ്. ഇതിനായി നാരങ്ങ, ഓറഞ്ച്, നെല്ലിക്ക എന്നിങ്ങനെയുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കേണ്ടതാണ്.
Discussion about this post