രാജ്യവ്യാപകമായി ഇന്ന് ഡിജിറ്റൽ പണവിനിമയത്തിന് ഉപയോഗിക്കുന്ന ഒന്നാണ് യുപിഐകൾ. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഒരു തൽക്ഷണ പെയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റർഫേസ് (യുപിഐ). റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം മൊബൈൽ വഴി രണ്ടു ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ പണം കൈമാറ്റം ചെയ്യുവാൻ ഉപകരിക്കുന്നു.
പണം കൈമാറ്റം ചെയ്യുന്നതിനുള്ള ഇമ്മീഡിയറ്റ് പെയ്‌മെന്റ് സർവീസിനെ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം രൂപകൽപന ചെയ്തിട്ടുള്ളത്. ഒരു ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായതിനാൽ ഇരുപത്തിനാല് മണിക്കൂറും പൊതു അവധി ദിനങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. പരമ്പരാഗത മൊബൈൽ വാലറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചു മറ്റൊരു ബാങ്ക് അക്കൗണ്ടിൽ ഉടനടി നിക്ഷേപിക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്.
വാലറ്റുകൾ ഉപയോക്താക്കളിൽ നിന്ന് ഒരു നിശ്ചിത തുക എടുത്തു അവരുടെ അക്കൗണ്ടിൽ ശേഖരിക്കുകയാണ് ചെയ്യുന്നത്. വിർച്വൽ പേയ്‌മെന്റ് വിലാസം (ബാങ്ക് നൽകുന്ന ഒരു യൂണിക് ഐഡി), അക്കൗണ്ട് നമ്പർ ഐഎഫ്എസ് കോഡ് സഹിതം, മൊബൈൽ നമ്പറും എം എം ഐഡി, ആധാർ നമ്പർ ഇവയിൽ ഏതെങ്കിലും സങ്കേതം ഉപയോഗിച്ചാണ് പണം കൈമാറ്റം ചെയ്യുന്നത്. ഒരു ഇടപാടും സ്ഥിരീകരിക്കാൻ ഒരു എംപിൻ (മൊബൈൽ ബാങ്കിങ് പേഴ്‌സണൽ ഐഡൻറിഫിക്കേഷൻ നമ്പർ) ആവശ്യമാണ്.
ഇപ്പോഴിതാ യുപിഐ ഐഡികളുമായി ബന്ധപ്പെട്ട സുപ്രധാന അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. യുപിഐ വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനുമായി ആക്ടീവല്ലാത്ത മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിച്ചിരുന്ന യുപിഐ ഐഡികൾ നിർത്തലാക്കുന്നു. വരുന്ന മാർച്ച് 31 നകം ഇത് നടപ്പാക്കണമെന്ന് ബാങ്കുകൾക്ക് നാഷണൽ പേയ്മന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യനിർദ്ദേശം നൽകി. പ്രവർത്തനരഹിതമായ മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിച്ചയുപിഐ ഐഡികൾ ഉപയോഗിച്ച് നിരവധി തട്ടിപ്പുകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നാഷണൽ പേയ്മന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നടപടി.
ഒഴിവാക്കിയ മൊബൈൽ നമ്പറുകൾ ദീർഘകാലത്തേക്ക് പ്രവർത്തന രഹിതമായി നിൽക്കുകയും അതിനാൽ തന്നെ ടെലികോം സേവന ദാതാക്കൾ ഇത്തരം കണക്ഷനുകൾ വിച്ഛേദിക്കുകയും ചെയ്യും. ഈ നമ്പറുകൾ പിന്നീട് പുതിയ വരിക്കാർക്ക് നൽകും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരാൾ ഉപയോഗിച്ചിരുന്ന നമ്പർ റദ്ദാക്കിയാലും മറ്റൊരാൾക്ക് നൽകുന്നതിന് മുമ്പ് 90 ദിവസത്തെ ഇടവേള നിർബന്ധമാണ്. എന്നിരുന്നാലും, പലരും ബാങ്ക് അക്കൗണ്ടുകളും യുപിഐ ഐഡികളും ഉൾപ്പെടെ അവരുടെ മൊബൈൽ നമ്പർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിൽ കാര്യമായ ശ്രദ്ധ നൽകാറില്ല. അതുകൊണ്ടു തന്നെ യുപിഐ ഐഡികൾ ഉപയോഗിച്ചുള്ള തട്ടിപ്പിന് സാദ്ധ്യത കൂട്ടുകയും ചെയ്യും.
Discussion about this post