കണ്ണൂർ: മുഴുപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒൻപത് പ്രതികളാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. 19 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.
എൻ.വി. യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവൻ, പണിക്കൻറവിട വീട്ടിൽ പ്രഭാകരൻ, പുതുശ്ശേരി വീട്ടിൽ കെ.വി പത്മനാഭൻ, മനോമ്പേത്ത് രാധാകൃഷ്ണൻ, നാഗത്താൻകോട്ട പ്രകാശൻ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഉൾപ്പെടെ പ്രതിയായ ടി.കെ രജീഷ് ആണ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണനാണ് കേസിലെ അഞ്ചാം പ്രതി.
കേസിലെ രണ്ട് പ്രതികൾ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. പി.കെ ഷംസുദ്ദീൻ, ടി.പി രവീന്ദ്രൻ എന്നിവരാണ് മരണപ്പെട്ടത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.
2005 ഓഗസ്റ്റിൽ ആയിരുന്നു സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ച് കൊലപ്പെടുത്തിയത്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യം ആയിരുന്നു കൊലയക്ക് പ്രേരകം ആയത്. ഓട്ടോയിൽ എത്തിയ സിപിഎം ക്രിമിനലുകൾ മുഴുപ്പിലങ്ങാട് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുൻപിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അന്ന് 32 വയസ്സായിരുന്നു സൂരജിന്.
സിപിഎം വിട്ടതിന് തൊട്ട് പിന്നാലെ തന്നെ സൂരജിനെ കൊലപ്പെടുത്താൻ അക്രമി സംഘം ശ്രമിച്ചിരുന്നു. അന്ന് കാലിനായിരുന്നു വെട്ടേറ്റത്. ഇതേ തുടർന്ന് ആറ് മാസക്കാലം നടക്കാൻ ആകാതെ കിടപ്പിലായി. പൂർണ ആരോഗ്യവാനായി നടക്കാൻ ആരംഭിച്ചതിന് പിന്നാലെയാണ് സൂരജിനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.
Discussion about this post