കണ്ണൂർ: കൈതപ്രത്ത് വെടിയേറ്റ് മരിച്ച ബിജെപി പ്രവർത്തകന്റൈ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയത്തിൽ വെടിയുണ്ട തുളച്ചുകയറിയതാണ് മരണ കാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. വളരെ ആസൂത്രിതമായിട്ടാണ് പ്രതി കൃത്യം നടത്തിയത് എന്നും ഇതിൽ നിന്നും വ്യക്തമായിരുന്നു. സംഭവത്തിൽ പ്രതി സന്തോഷിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കൊലപ്പെടുത്താൻ നാടൻ തോക്കിനൊപ്പം ഇയാൾ കത്തിയും കൈവശം കരുതിയിരുന്നു. തോക്കുപയോഗിച്ച് കൊല്ലാൻ കഴിഞ്ഞില്ലെങ്കിൽ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു ഇയാളുടെ പദ്ധതി. തോക്ക് ഉപയോഗിക്കാൻ സന്തോഷ് പരിശീലിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ രീതി ഇത് വ്യക്തമാക്കുന്നു. പോയിന്റ് ബ്ലാങ്കിൽ നിന്നായിരുന്നു വെടിയുതിർത്തത്.
രാധാകൃഷ്ണന്റെ ഭാര്യയുമായി സന്തോഷിന് സൗഹൃദം ഉണ്ടായിരുന്നു. ഇത് വിലക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാധാകൃഷ്ണനെ വകവരുത്താൻ തീരുമാനിച്ച സന്തോഷ് നിർമ്മാണത്തിലിരിക്കുന്ന വീടിനുള്ളിൽ തോക്കുമായി ഒളിച്ചിരിക്കുകയായിരുന്നു. വീട്ടിലേക്ക് കയറി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇയാൾ കൃത്യം നടത്തി. പിന്നീട് ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സഹപാഠികൾ ആയിരുന്നു. ഈ സമയം ഇവർ തമ്മിൽ അടുപ്പവും ഉണ്ടായിരുന്നു. അടുത്തിടെ സ്‌കൂൾ റീ യൂണിയന് എത്തിയ ഇരുവരും വീണ്ടും കാണുകയും അടുപ്പം തുടരുകയും ചെയ്തു. ഇത് അറിഞ്ഞ രാധാകൃഷ്ണൻ സൗഹൃദം വിലക്കുകയായിരുന്നു. നേരത്തെയും രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം രാധാകൃഷ്ണൻ മകനോട് പറഞ്ഞിട്ടുണ്ട്.
സംഭവത്തിൽ പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ആക്രമണത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള അന്വേഷണം തുടരുകയാണ്.
Discussion about this post