ഇടുക്കി: വാഗമണിൽ പാരാഗ്ലൈഡിംഗ് നടത്തി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് 3500 അടി ഉയരത്തിലാണ് അദ്ദേഹം ആകാശപ്പറക്കൽ നടത്തിയത്. മന്ത്രിതന്നെയാണ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ പാരാഗ്ലൈഡിന്റെ വീഡിയോ പുറത്തുവിട്ടത്. വിദഗ്ധ പരിശീലകനൊപ്പമായിരുന്നു മന്ത്രിയുടെ പാരാഗ്ലൈഡിംഗ്.
വാഗമൺ അന്താരാഷ്ട്ര ടോപ് ലാൻഡിംഗ് ആക്യുറസി കപ്പ് പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി പാരാഗ്ലൈഡിംഗ് നടത്തിയത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയും അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് സംഘടനയുടെയും ഏറോ ക്ലബ് ഓഫ് ഇന്ത്യയുടെയും സാങ്കേതിക സഹായത്തോടെയുമാണ് വാഗമൺഇന്റർനാഷണൽ ടോപ് ലാൻഡിംഗ് ആക്കുറസി കപ്പ് സംഘടിപ്പിച്ചത്.
വാഗമണ്ണിനെ കേരളത്തിലെ പാരാഗ്ലൈഡിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.ഇതിനായുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്ക് എല്ലാവിധ പിന്തുണയും നൽകും. ടൂറിസം രംഗത്ത് കോവിഡിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ആക്ടിവിറ്റികളിൽ ഒന്നാണ് സാഹസിക ടൂറിസം. ഇത്തരം കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കി എത്തുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ സർക്കാർ നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post