തിരുവനന്തപുരം: പരീക്ഷാ ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റ് സംഭവിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സംഭവം വലിയ വാർത്തയായതിന് പിന്നാലെയാണ് അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഹയർസെക്കന്ററി പരീക്ഷയുടെ ചോദ്യ പേപ്പറുകളിൽ ആയിരുന്നു വ്യാപകമായി അക്ഷരത്തെറ്റുകൾ കടന്നുവന്നത്.
ചോദ്യപേപ്പർ നിർമാണത്തിലെ ഏത് ഘട്ടത്തിലാണ് വീഴ്ച സംഭവിച്ചത് എന്ന് പരിശോധിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ഇക്കാര്യം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണം. പ്ലസ് വൺ ബയോളജി, കെമിസ്ട്രി ചോദ്യപേപ്പറുകളിലും പ്ലസ് ടു എക്കണോമിക്സ് ചോദ്യപേപ്പറുകളിലും ആയിരുന്നു അക്ഷരത്തെറ്റുകൾ ഉണ്ടായിരുന്നത്. പ്ലസ് വൺ, പ്ലസ് ടു ചോദ്യപേപ്പറുകളിലായി ഇരുപതിലധികം തെറ്റുകളാണ് കണ്ടെത്തിയത്. പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യ പേപ്പറിലും വ്യാപകമായി തെറ്റുകൾ കടന്നുകൂടിയിരുന്നു. 15ലധികം തെറ്റുകളായിരുന്നു ചോദ്യ പേപ്പറിൽ ഉണ്ടായിരുന്നത്. പ്ലസ് വൺ ബോട്ടണി, സുവോളജി, കെമിസ്ട്രി ചോദ്യപേപ്പറുകളിലും രണ്ടാം വർഷ ഹയർസെക്കൻഡറി എക്കണോമിക്സ് ചോദ്യപേപ്പറുകളിലുമായിരുന്നു ഗുരുതര പിഴവുകൾ സംഭവിച്ചത്. ഇതെല്ലാം മാദ്ധ്യമങ്ങളിൽ വലിയ വാർത്തകൾ ആകുകയും ചെയ്തു.
ചോദ്യപേപ്പറിൽ ഉൾപ്പെടുത്തുന്നതിനുള്ള ചോദ്യ നിർമാണത്തിലും പ്രൂഫ് റീഡിങ്ങിലും ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് അദ്ധ്യാപക സംഘടനകൾ ആരോപിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി സംഘടനകൾ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
Discussion about this post