കൊച്ചി; നടൻ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയതിൽ വിമർശനവുമായി മാദ്ധ്യമപ്രവർത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുല്ല. മോഹൻലാൽ വഴിപാട് അർപ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെ ആണെങ്കിൽ അത് വിശ്വാസ പ്രകാരം തെറ്റാണെന്നാണ് ഒ അബ്ദുല്ലയുടെ വിമർശനം. സോഷ്യൽമീഡിയയിൽ ഇയാൾ വിമർശിക്കുന്ന സന്ദേശം പങ്കുവയ്ക്കുകയായിരുന്നു.വിഷയത്തിൽ മമ്മൂട്ടി വിശദീകണം നൽകണം. മുസ്ലീംമത പണ്ഡിതർ ഈ വിഷയത്തിൽ ഇടപെടണം എന്നും ഒ അബ്ദുല്ല വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെടുന്നു.
മമ്മൂട്ടിയുടെ അറിവോടെയല്ല മോഹൻലാൽ വഴിപാട് ചെയ്തത് എങ്കിൽ അതിൽ തെറ്റില്ല. മമ്മൂട്ടി പറഞ്ഞാണ് മോഹൻലാൽ വഴിപാട് ചെയ്തത് എങ്കിൽ അത് മാപ്പർഹിക്കാത്ത തെറ്റാണ്. ഇക്കാര്യത്തിൽ മമ്മൂട്ടി വിശദീകരണം നൽകണം. മോഹൻലാലിന്റെ വിശ്വാസം അനുസരിച്ചാണെങ്കിൽ മമ്മൂട്ടിയെ വിമർശിക്കരുത്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് അല്ലാഹുവിന് മാത്രമേ പ്രാർത്ഥനകൾ അർപ്പിക്കാൻ പാടുള്ളു. ഇതിന്റെ ലംഘനമാണ് ഇപ്പോഴത്തെ സംഭവം എന്നും ഖുർആൻ സുക്തങ്ങൾ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു.
ഏക ദൈവ വിശ്വാസികൾ തങ്ങളുടെ പ്രാർത്ഥന ദൈവത്തിന് മുന്നിൽ മാത്രം സമർപ്പിക്കുന്നതാണ് ശരിയെന്ന് ഒ അബ്ദുല്ല പറയുന്നു. ദൈവത്തിന് മുന്നിൽ മനുഷ്യൻ വളരെ ചെറുതാണ്. മനുഷ്യന് രോഗം സുഖപ്പെടുത്താനുള്ള കഴിവില്ല. ഏക ദൈവ വിശ്വാസികളിൽ ദൈവത്തിന് മുന്നിൽ സമർപ്പിക്കുക എന്നത് മാത്രമാണ് ശരി. മറ്റുള്ള രീതികൾ ഇസ്ലാമിക വിരുദ്ധമാണ്. അതിനെ ശിർക്ക് എന്ന് പറയുമെന്ന് ഇയാൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ശബരിമല സന്ദർശനത്തിനിടെ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് കഴിച്ചത്. മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം എന്ന പേരിൽ ഉഷ പൂജയായിരുന്നു മോഹൻലാൽ നടത്തിയത്. മമ്മൂട്ടിക്ക് വേണ്ടി പൂജ ചെയ്തതിന്റെ രസീത് ആരോ ലീക്ക് ചെയ്യുകയായിരുന്നു. അദ്ദേഹം തന്റെ സഹോദരനും സുഹൃത്തുമാണെന്നും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുക എന്നത് ഏറെ പേഴ്സണലായ കാര്യമാണെന്നും മോഹൻലാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Discussion about this post