പാലക്കാട്: കൊലക്കുറ്റം ആരോപിച്ച് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ജയിൽ അധികൃതർക്ക് ലഭിച്ചുവെന്നാണ് നിമിഷ പ്രിയ പറയുന്നത്. നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്ക് ഇക്കാര്യം അറിയിച്ച് നിമിഷ ശബ്ദസന്ദേശം അയച്ചു.
ജയിലിൽ ഒരു അഭിഭാഷകയുടെ ഫോൺവിളി എത്തിയെന്നാണ് നിമിഷ പ്രിയ പറയുന്നത്. വധ ശിക്ഷ ഒഴിവാക്കാനുള്ള നടപടികൾ എവിടെ വരെ ആയി എന്ന് അഭിഭാഷക ചോദിച്ചു. നടപടികൾ പുരോഗമിക്കുകയാണെന്ന് പറഞ്ഞപ്പോൾ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ജയിലിൽ എത്തിയതായി അവർ പറയുകയായിരുന്നു. ഇവിടെ എല്ലാവരും വളരെ സങ്കടത്തോടെയാണ് എന്നോട് പെരുമാറുന്നത്. അവധി കഴിയുമ്പോഴേയ്ക്കും വധശിക്ഷ നടപ്പാക്കുമെന്നും നിമിഷ പ്രിയ പറയുന്നുണ്ട്.
ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ നിമിഷ ഈ വിവരം ആക്ഷൻ കൗൺസിലിനെ അറിയിക്കുകയായിരുന്നു. ആക്ഷൻ കൗൺസിൽ കൺവീനർ ജയൻ ഇടപാളിനാണ് നിമിഷയുടെ ശബ്ദ സന്ദേശം ലഭിച്ചത്. നിമിഷയെ വധശിക്ഷയിൽ നിന്നും ഒഴിവാക്കാൻ കേന്ദ്രസർക്കാർ പരമാവധി പരിശ്രമിച്ചിരുന്നു.
2017 ജൂലൈയിൽ ആയിരുന്നു നിമിഷ പ്രിയ കൊലക്കേസിൽ അറസ്റ്റിലായത്. യെമൻ പൗരനായ തലാൽ മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ചുവെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്. വിചാരണയ്ക്ക് ശേഷം 2020 ൽ നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരെ നിമിഷ പ്രിയ നൽകിയ അപ്പീലുകളെല്ലാം കോടതി തള്ളി. തുടർന്ന് ബ്ലഡ് മണി നൽകി വധശിക്ഷ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഫലം കാണാതെ വരികയായിരുന്നു.
Discussion about this post