എറണാകുളം: എമ്പുരാൻ സിനിമയിൽ ഉയർന്ന വിവാദത്തിൽ മോഹൻലാലിന് വലിയ മാനസിക വിഷമം ഉണ്ടായിട്ടുണ്ടെന്ന് മേജർ രവി. അറിയാതെ സംഭവിച്ച പിഴവാണെങ്കിലും മോഹൻലാൽ നിങ്ങളോട് മാപ്പ് പറയും. ആ മനുഷ്യനെ എനിക്ക് വളരെ നന്നായി അറിയാമെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
മോഹൻലാലിന് മാനസികമായി വലിയ വിഷമം ഉണ്ട്. ഫസ്റ്റ് ഷോ ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്നാണ് കണ്ടത്. സിനിമയിൽ അദ്ദേഹത്തിന് തോന്നിയ പ്രശ്‌നങ്ങൾ എല്ലാം കട്ട് ചെയ്ത് കളയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് അത് ചെയ്യും. അവിടെയാണ് മോഹൻലാൽ നീതി പുലർത്തിയിരിക്കുന്നത്. മോഹൻലാൽ കണ്ടിട്ട് റിലീസ് ചെയ്ത സിനിമയല്ല എമ്പുരാൻ എന്നത് എല്ലാവരും മനസിലാക്കണം.
സിനിമയുടെ ഉളളടക്കത്തിൽ എല്ലാവർക്കും വലിയ വിഷമം ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഉണ്ട്. ഈ സിനിമയിൽ 1 മണിക്കൂറ് കഴിഞ്ഞാണ് മോഹൻലാലിനെ കാണിക്കുന്നത്. അതിന് മുൻപാണ് ഗോധ്ര കൂട്ടക്കൊലയും മറ്റ് സംഭവങ്ങളും. അതൊന്നും മോഹൻലാൽ കണ്ടിട്ടില്ല. മോഹൻലാലിനെ വെള്ള പൂശുകയല്ല. ഞാൻ മോഹൻലാൽ ആരാധകൻ ആണെന്നും മേജർ രവി വ്യക്തമാക്കി.
മുസ്ലീം സഹോദരങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഹിന്ദുക്കൾ എന്ന് സ്ഥാപിച്ച് വർഗ്ഗീയത പറയുകയാണ് ചിത്രം ചെയ്തത്. അത് ശ്രദ്ധിക്കേണ്ടതായിരുന്നു. ഞാനൊരു ഒരു ബിജെപിക്കാരൻ ആണ്. സെൻസർ ബോർഡിലുള്ള പലരെയും പുറത്താക്കണം. ജനങ്ങളുടെ വികാരം മാനിച്ച് വേണം സിനിമ ഇറക്കാൻ.
മോഹൻലാലിനെ മാത്രം ഈ സിനിമയിൽ കുറ്റം പറയരുത്. സൈന്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്ത വ്യക്തിയാണ് മോഹൻലാൽ. വയനട് ദുരന്തം ഉണ്ടായപ്പോൾ അദ്ദേഹം എന്തെല്ലാം ചെയ്തു. അതൊന്നും മറക്കരുതെന്നും മേജർ രവി പറഞ്ഞു.
Discussion about this post