കോട്ടയം : പേട്ട റെയിൽവേ മേൽപാലത്തിന് സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘയുടെ വീട് സന്ദർശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മേഘയുടെ വീട്ടുക്കാർ ആരോപിക്കുന്ന ആരോപണങ്ങൾ പരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകി. അന്വേഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഘയെ മരണത്തിലേക്ക് നയിച്ചത് ഐബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷുമായുള്ള സൗഹൃദമാണ് എന്നാണ് വീട്ടുക്കാർ ആരോപിക്കുന്നത്. മകളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ പരിശോധിച്ചതിൽനിന്ന് സുകാന്ത് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന വിവരം വ്യക്തമായിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു. മാസം തോറുമുള്ള ശമ്പളം മുഴുവൻ മേഘ സുകാന്തിനാണ് നൽകിയിരുന്നത്. ഇതിൽ നിന്നും സുകാന്ത് നൽകിയിരുന്ന തുച്ഛമായ പണം കൊണ്ട് ആയിരുന്നു മേഘ ചിലവുകൾ നടത്തിയിരുന്നത്. കയ്യിൽ പണമില്ലാത്തതിനാൽ പലപ്പോഴും ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
അരലക്ഷത്തിലധികം ശമ്പളം മേഘയ്ക്ക് പ്രതിമാസം ലഭിച്ചിരുന്നു. എന്നാൽ മരിക്കുമ്പോൾ മേഘയുടെ അക്കൗണ്ടിൽ കേവലം 800 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പണം മുഴുവൻ മേഘ നൽകിയിരുന്നത് സുകാന്തിന്റെ അക്കൗണ്ടിലേക്ക് ആണ്. ഇതിനിടെ മേഘ വിവാഹക്കാര്യം വീട്ടിൽ പറയാൻ സുകാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് സുകാന്ത് ഒഴിയുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് മേഘ ആത്മഹത്യ ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി സുകാന്തിന്റെ സുഹൃത്തുക്കളിൽ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ഇയാൾ മറ്റ് സ്ത്രീകളുമായി അടുപ്പമുണ്ടെന്നാണ് സുഹൃത്തുക്കളിൽ നിന്നും പോലീസിന് ലഭിച്ച വിവരം.
സുകാന്ത് ഒളിവിലെന്നാണ് സൂചന. ഇയാളെ അന്വേഷിച്ച് പേട്ട പോലീസ് മലപ്പുറത്ത് എത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഇയാൾ എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.
Discussion about this post