മ്യാൻമറിലുണ്ടായ ഭുകമ്പത്തിന്റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത്. ഭൂചലനം മൂലം സർവനാശം വിതച്ച നഗരങ്ങളുടെ, ദുരന്തത്തിന് മുൻപും ശേഷവുമുള്ള ആകാശദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്ലാനറ്റ് ലാബ്‌സ് ആന്റ് മാക്‌സർ ടെക്‌നോളജീസ് പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തകർന്ന പാലവും കെട്ടിടങ്ങളും വിമാനത്താവള കൺട്രോൾ ടവറുമൊക്കെ ചിത്രങ്ങളിൽ വ്യക്തമായി കാണാം..
മ്യാൻമാർ തലസ്ഥാനമായ നേപ്യിഡോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കൺട്രോൾ ടവറാണ് നിലംപതിച്ച നിലയിൽ ചിത്രങ്ങളിലുള്ളത്. ഭൂചലനത്തിന് മുൻപുള്ള കൺട്രോൾ ടവറിന്റെ ചിത്രവും ഇതിനൊപ്പം പുറത്തുവന്നിട്ടുണ്ട്. ഭൂചലനം കനത്ത നാശം വിതച്ച മ്യാൻമാറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മാൻഡലെയിൽ തിങ്ങിനിറഞ്ഞ റെസിഡെൻഷ്യൽ കെട്ടിടങ്ങളെല്ലാം തകർന്ന് നിലംപതിച്ച നിലയിൽ കാണാനാകും .
അതേസമയം ഭൂചലനത്തിന് രണ്ടാം ദിവസവും തകർന്ന് തരിപ്പണമായ കെട്ടിടങ്ങൾക്കടിയിൽനിന്ന് ജീവനുകൾ രക്ഷിക്കാനുള്ള ശ്രമം രക്ഷാപ്രവർത്തകർ തുടരുകയാണ്. വൻ ദുരന്തത്തിൽ 1700 പേർ കൊല്ലപ്പെട്ടുവെന്നും 3400 പേർക്ക് പരിക്കേറ്റുവെന്നും 300 പേരെ കാണാതായെന്നും മ്യാൻമാറിലെ സൈനിക സർക്കാർ അറിയിച്ചു. മരണസംഖ്യ വൻതോതിൽ ഉയരുമെന്ന് യുഎസ് ജിയോളജിക്കൽ സർവീസസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദുരന്തഭൂമിയിലെ പല മേഖലകളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ലെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ട്.
വെള്ളിയാഴ്ച 12.50 നാണ് ഭൂകമ്പം സംഭവിച്ചത്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഇതിന പിന്നാലെ തുടർചനവും നിരനിരയായി ഉണ്ടായി. ഇത് കൂടാതെ ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തും ചൈനയുടെ കിഴക്കൻ ഭാഗത്തും കംബോഡിയ ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. തായ്ലൻഡിലെ ഭൂകമ്പത്തിൽ 10 പേർ മരിച്ചു.
Discussion about this post