ഇസ്ലാമാബാദ്: റംസാൻ ദിനത്തിൽ കൊടും ഭീകരൻ ഹാഫിസ് സയീദിന്റെ മറ്റൊരു അനുനായിയെ കൂടി വെടിവച്ച് കൊലപ്പെടുത്തി അജ്ഞാതർ. ലഷ്‌കർ ഇ ത്വയ്ബയുടെ ഫിനാൻഷ്യറായ അബ്ദുൾ റഹ്‌മാൻ ആണ് കൊല്ലപ്പെട്ടത്. ഇയാളെ അജ്ഞാതർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അബ്ദുൾ റഹ്‌മാന്റെ സഹായിക്കും വെടിയേറ്റിട്ടുണ്ട്.
കറാച്ചിയിൽ ഉച്ചയോടെയാണ് സംഭവം. കറാച്ചിയിൽ ഇയാൾ കട നടത്തിവരികയാണ്. ഇവിടേയ്ക്ക് ബൈക്കിൽ അജ്ഞാതർ എത്തുകയായിരുന്നു. രണ്ട് പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇരുവരും മാസ്‌ക് ഉപയോഗിച്ച് മുഖം മറച്ചിരുന്നു. ഇതിൽ ഒരാൾ ബൈക്കിൽ നിന്നും ഇറങ്ങി വെടിയുതിർക്കുകയായിരുന്നു.
അബ്ദുൾ റഹ്‌മാന്റെ തലയ്ക്കാണ് വെടിയേറ്റത് എന്നാണ് സൂചന. ഇയാൾ തത്ക്ഷണം മരിച്ച് വീഴുകയായിരുന്നു. സംഭവ സമയം നിരവധി പേർ ഇവിടെ ഉണ്ടായിരുന്നു. സംഭവം കണ്ട് ഇവരെല്ലാം ഭയന്ന് ഓടുന്നത് ദൃശ്യങ്ങളിൽ കാണാം. അബ്ദുൾ റഹ്‌മാൻ വെടിയേറ്റ് വീണതിന് പിന്നാലെ അജ്ഞാതർ വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിലാണ് പതിഞ്ഞത്.
ലഷ്‌കർ ഇ ത്വയ്ബയുടെ ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് അബ്ദുൾ റഹ്‌മാൻ ആണ്. വിവിധ സ്രോതസ്സുകളിൽ നിന്നും പണം ശേഖരിക്കുന്ന ഇയാൾ നേരിട്ടാണ് ഉന്നത നേതാക്കൾക്ക് പണം എത്തിച്ചിരുന്നതും. പണത്തിന് പുറമേ ആയുധ ഇടപാടിനും ഇയാൾ മദ്ധ്യസ്ഥം വഹിച്ചിരുന്നു. ഇന്ത്യയിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഇയാൾക്ക് പങ്കാളിത്തം ഉണ്ട്.
ഈ മാസം അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഹാഫിസ് സയീദിന്റെ രണ്ടാമത്തെ അനുയായി ആണ് അബ്ദുൾ റഹ്‌മാൻ. അടുത്തിടെ ലഷ്‌കർ ഇ ത്വയ്ബയുടെ മറ്റൊരു ഭീകരൻ ആയ അബു ഖത്തലിനെയും അജ്ഞാതർ ആക്രമിച്ചിരുന്നു.
Discussion about this post