കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ പതിപ്പിച്ച് പതാകകളുമായി സിപിഎം പ്രവർത്തകർ. ബിജെപി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ചിത്രം പതിപ്പിച്ച പതാകയും കയ്യിലേന്തിയാണ് സിപിഎം പ്രവർത്തകർ ആഘോഷിച്ചത്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കൂത്തുപറമ്പ് – കണ്ണൂർ റോഡിൽ കായലോടിന് സമീപത്തെ പറമ്പായി കുട്ടിച്ചാത്തൻ മഠം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആയിരുന്നു സംഭവം. കലശഘോഷയാത്രയ്ക്കിടെ സിപിഎം പ്രവർത്തകർ കൊലക്കേസ് പ്രതികളുടെ ചിത്രം പതിപ്പിച്ച കൊടികളുമായി പ്രകടനം നടത്തുകയായിരുന്നു. പതാക വീശിയതിനൊപ്പം പ്രതികളെ പ്രകീർത്തിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ മുഴക്കുകയും ഇവർ ചെയ്തിരുന്നു. വാഴ്ത്തുപാട്ടുകളും ഇവർ പാടി. സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ രൂക്ഷമായ വിമർശനം ഉയരുന്നുണ്ട്.
അടുത്തിടെയാണ് സൂരജ് കൊലക്കേസ് പ്രതികൾക്ക് കോടതി ശിക്ഷവിധിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ മനോരാജ്, ടി.വി രജീഷ്, യോഗേഷ്, ഷംജിത്ത്, സജീവൻ, പ്രഭാകരൻ, പത്മനാഭൻ, രാധാകൃഷ്ണൻ എന്നിവരടക്കം ഒൻപത് പേർക്ക് ആയിരുന്നു ശിക്ഷ വിധിച്ചത്.
2005 ൽ ആയിരുന്നു ബിജെപി പ്രവർത്തകൻ ആയ സൂരജിനെ പ്രതികൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ പകയിൽ ആയിരുന്നു കൊലപാതകം. കേസിൽ പ്രതികൾക്ക് ജീവപര്യന്തവും പിഴയും ആയിരുന്നു വിചാരണ കോടതി വിധിച്ചത്.
Discussion about this post