ഇടയ്ക്ക കലാകാരി ആശാ സുരേഷിന് കേന്ദ്രസർക്കാർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ നിയമനം. സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ തഞ്ചാവൂരിലുള്ള സൗത്ത് സോൺ കൾച്ചറൽ സെന്റർ ഭരണസമിതിയംഗമാണ് ആശാ സുരേഷ്. മൂന്നു വർഷത്തേക്കാണ് നിയമനം. പടിഞ്ഞാറെ ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യ ക്ഷേത്ര പരിസരത്ത് പേഷ്ക്കാർ റോഡിനോട് ചേർന്നാണ് ആശയുടെ വീട്. രാജി സുരേഷും വി. സുരേഷ് കുമാറും മാതാപിതാക്കൾ. അർജുൻ സുരേഷ് ജ്യേഷ്ഠസഹോദരൻ.
പതിവ് ക്ഷേത്രദർശനത്തിനിടെ ശ്രീകോവിലിന് മുന്നിൽ കേൾക്കുന്ന സോപാന സംഗീതത്തിൽ നിന്നാണ് ആശയ്ക്ക് ഇടയ്ക്കോട് പ്രിയം കൂടിയത്. .ഇടയ്ക്ക പഠിക്കണമെന്ന ആഗ്രഹം മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ സുരേഷ്‌കുമാറിനെ അറിയിച്ചു. പി. നന്ദകുമാർ മാരാരുടെ ശിഷ്യയായി.
അനുഷ്ഠാനകല പഠിക്കാൻ ഒരു പെൺകുട്ടിയെത്തുക എന്ന അപൂർവതയായിരുന്നു പി.നന്ദകുമാറിനെ ആകർഷിച്ചത് .അഞ്ചാം ക്ലാസിലെത്തിയപ്പോൾ ആശാൻ ഇടയ്ക്ക കൈവശം നൽകി. കൂടെ സോപാന സംഗീതവും പഠിച്ചു. ശാസ്ത്രീയ നൃത്തവും ചെണ്ടയിൽ പഞ്ചാരിമേളവും അഭ്യസിച്ചു. അക്ഷരശ്ലോകത്തിലും മലയാള – സംസ്കൃത പദ്യം ചൊല്ലലിലും പതിവായി മത്സരിച്ചു.
ഇക്കണോമിക്സിലും ലൈബ്രറി സയൻസിലും ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുള്ള ആശ, ക്രൈസ്റ്റ് കോളേജിലെ പഠനത്തിനിടെ കൂടുതൽ നേട്ടങ്ങൾ കൊയ്തു. 2019ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകമായി. കൊവിഡ് കാലത്തെ സർഗപരീക്ഷണങ്ങളാണ് വൈറൽ താരമാക്കിയത്. ഇടയ്ക്കകൊട്ടി പാടി ഇരുനൂറിലധികം ഫേസ്‌ബുക്ക് പേജുകളിൽ ലൈവ് ചെയ്തു. ഇതിൽ പ്രമുഖ ക്ഷേത്രങ്ങളുടെ പേജും ഉണ്ടായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ ആരാധകരെ ലഭിച്ചു. തുടർന്നാണ് ഉത്സവ വേദികളിലേക്ക് ക്ഷണം കിട്ടുന്നത്.












Discussion about this post