ന്യൂഡൽഹി; വഖഫ് ഭേദഗതി ബിൽ ഇന്നു പുലർച്ചെ 1.56ന് ലോക്സഭ പാസാക്കി. 288 പേർ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 520 പേരാണ് വോട്ട് ചെയ്തത്.8 മണിക്കൂറാണ് ബില്ലിൽ ചർച്ച നിശ്ചയിച്ചിരുന്നത്. എന്നാൽ ഉച്ചയ്ക്ക് 12.06ന് ആരംഭിച്ച ചർച്ച പുലർച്ചെ 1.56 വരെ നീണ്ടു.. ബിൽ ഇന്നു രാജ്യസഭയിലും അവതരിപ്പിക്കും. രാജ്യസഭ കൂടി കടന്നാൽ ബിൽ നിയമമാകും.
കേരളത്തിൽ നിന്ന് സുരേഷ് ഗോപി ഒഴികെ ബാക്കി 18 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തതായാണ് വിവരം. പ്രിയങ്ക ഗാന്ധി സഭയിലുണ്ടായിരുന്നില്ല. പുതിയ നിയമം പാസാകുന്നതോടെ മുനമ്പത്തെ താമസക്കാർക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുമെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു വ്യക്തമാക്കി .
ഈ ബിൽ വന്നില്ലായിരുന്നെങ്കിൽ, പാർലമെന്റ് സമുച്ചയത്തിനു മേൽ വരെ വഖഫ് അവകാശവാദം ഉന്നയിക്കുമായിരുന്നു, മന്ത്രി പറഞ്ഞു .1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് ഇന്നലെ ലോക്സഭ പാസാക്കിയത്.
Discussion about this post