ഈ ആഴ്ച തിയേറ്ററുകളിലെത്തിയ സൽമാൻഖാൻ ചിത്രമാണ് സിക്കന്ദർ. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിന് റിലീസ് ദിവസം ആഗോളതലത്തിൽ 54 കോടി വരുമാനം നേടാനായിരുന്നു. എന്നാൽ മോശം പ്രതികരണങ്ങളെ തുടർന്ന് രണ്ടാം ദിവസം മിക്കയിടങ്ങളിലും ഷോ റദ്ദാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ഇപ്പോഴിതാ തന്റെ നിരാശ തുറന്നു പറഞ്ഞിരിക്കുകയാണ് സൽമാൻ ഖാൻ. തന്റെ സിനിമകൾക്ക് ബോളിവുഡിന്റെ പിന്തുണയില്ല എന്നാണ് താരം പറയുന്നത്.സിക്കന്ദറിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൽമാൻ ഇക്കാര്യം പറഞ്ഞത്.
മറ്റുള്ള ബോളിവുഡ് താരങ്ങളുടെ സിനിമകൾ താൻ പ്രമോട്ട് ചെയ്യാറുണ്ട്. എന്നാൽ തന്റെ സിനിമകളുടെ കാര്യം വരുമ്പോൾ ബോളിവുഡ് മൗനം പാലിക്കുകയാണെന്ന് നടൻ പറഞ്ഞു. ‘ചിലപ്പോൾ അവർ ചിന്തിക്കുന്നത് എനിക്ക് പിന്തുണയുടെ ആവശ്യമില്ലെന്നായിരിക്കും. എല്ലാവര്ക്കും പിന്തുണ ആവശ്യമാണ്, എനിക്കും,’ എന്ന് സൽമാൻ ഖാൻ പറഞ്ഞു.
മോശം തിരക്കഥയാണ് ചിത്രത്തിൻറെതെന്നും അതിനാൽ തുടക്കം മുതൽ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് സിക്കന്ദർ എന്നുമാണ് അഭിപ്രായങ്ങൾ. റിലീസിന് മുൻപ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന്റെ പരാജയത്തിന് കാരണമായിട്ടുണ്ട്. തമിഴ്റോക്കേഴ്സ്, തമിഴ്എംവി എന്നീ വെബ്സൈറ്റുകൾക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സബ്‌ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്ഡി പ്രിന്റ് ആണ് പ്രചരിക്കുന്നത്
Discussion about this post