ന്യൂഡൽഹി: ഈ കഴിഞ്ഞ ഫെബ്രുവരി മാസം മാത്രം ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെട്ടത് ഒരുകോടിയോളം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ. പ്ലാറ്റ്‌ഫോമിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 97 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തത്. രാജ്യത്ത് സൈബർ തട്ടിപ്പുകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗവും വർധിച്ചുവരുന്ന സാഹചര്യത്തിന് തടയിടാൻ ലക്ഷ്യമിട്ടാണ് ഈ നടപടി.
2021ലെ ഐടി നിയമങ്ങൾ അനുസരിച്ച് ഉപയോക്താക്കൾ തന്നെ റിപ്പോർട്ട് ചെയ്ത അക്കൗണ്ടുകൾക്കെതിരെയാണ് കൂടുതലും നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. ഒരു ഉപയോക്താവും പരാതി പോലും നൽകാതെതന്നെ 1.4 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ കമ്പനി പൂട്ടിക്കുകയും ചെയ്തു
നിലവിൽ ഇന്ത്യയിൽ വാട്‌സ്ആപ്പിന് 50 കോടിയിലധികം ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ.എന്നാൽ ഇവയത്രയും നിയമവിധേയമായി പ്രവർത്തിക്കുന്നവയല്ല.
സുരക്ഷാ ലംഘനങ്ങളും പ്ലാറ്റ്ഫോം നിയമങ്ങൾ അനുസരിക്കാത്തതിനാലുമാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നത്. സ്പാം, വ്യാജ സന്ദേശങ്ങൾ, സംശയാസ്പദമായ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിന് വാട്‌സ്ആപ്പ് നിയമങ്ങൾ കർശനമാക്കുകയാണെന്നാണ് വാട്സ്ആപ്പ് അറിയിച്ചിരുന്നു. വാട്‌സ്ആപ്പിൽ സ്പാം സന്ദേശങ്ങൾ അയച്ചാൽ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തേക്കാം. സന്ദേശങ്ങളോ സോഷ്യൽ മീഡിയ പോസ്റ്റുകളോ അനാവശ്യമായി ഫോർവേഡ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. വിദ്വേഷ പ്രസംഗങ്ങളോ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഉള്ളടക്കങ്ങൾ പങ്കിടരുത്. കൂടാതെ, അഡൾട്ട്സ് ഒൺലി കണ്ടന്റുകളും പോസ്റ്റ് ചെയ്യരുത്.
Discussion about this post