കൊച്ചി: ആലപ്പുഴയിൽ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് നടൻ ശ്രീനാഥ് ഭാസി. എക്‌സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ശ്രീനാഥ് ഭാസി ഹർജിയിൽ പറയുന്നത്. അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. താൻ നിരപരാധിയാണ്.നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്ത് നടക്കുന്നുണ്ട്. അറസ്റ്റിലായാൽ ഷൂട്ടിങ് മുടങ്ങും. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനും സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിൽ പറയുന്നത്.താൻ ലഹരി വിൽക്കുകയോ കുറ്റകൃത്യത്തിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ലെന്നു ശ്രീനാഥ് പറയുന്നു.
കഴിഞ്ഞ വർഷം നവംബറിൽ കോഴിക്കോട് ഒരു ഷൂട്ടിങ് ലൊക്കേഷനിൽ തസ്ലിമ തന്നെ കാണാനെത്തിയിരുന്നെന്ന് ഹർജിയിൽ പറയുന്നു. അന്ന് ക്രിസ്റ്റീന എന്നാണ് പേരു പറഞ്ഞത്. ആരാധികയാണെന്നു പറഞ്ഞ് ഒരു സുഹൃത്തു വഴിയായിരുന്നു പരിചയപ്പെടൽ. അന്നു ഫോൺ നമ്പറും വാങ്ങിയിരുന്നു. പിന്നെ ഏപ്രിൽ ഒന്നിന് ‘കഞ്ചാവ് ആവശ്യമുണ്ടോ’ എന്നു ചോദിച്ച് അപ്രതീക്ഷിതമായി വിളിക്കുകയായിരുന്നു. കളിയാക്കുകയാണ് എന്നു കരുതി ഫോൺ കട്ട് ചെയ്തു. പിന്നാലെ, ‘ആവശ്യമുള്ളത് ചെയ്തുകൊടുക്കണം’ എന്ന രീതിയിൽ മെസേജ് വന്നു. കളിയാക്കുകയാണ് എന്നു കരുതി ‘വെയ്റ്റ്’ എന്ന് മറുപടി അയച്ചെന്നും തസ്‌ലിമ അയച്ച മറ്റു മെസജുകൾക്ക് മറുപടി നൽകിയില്ലെന്നും താരം പറയുന്നു.
Discussion about this post