കോട്ടയം:വിവാദമായ കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. വിദ്യാർത്ഥികളായ സാമുവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെ പി രാഹുൽ രാജ്, എൻ വി വിവേക് എന്നിവർക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം. കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗാന്ധിനഗർ എസ്എച്ച്ഒ ടി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 45 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറിക്കിയത്.
പ്രതികൾ തന്നെ പകർത്തിയ പീഡനത്തിന്‍റെ ദൃശ്യങ്ങളാണ് കേസിലെ നിർണായക തെളിവ്.കഴിഞ്ഞ നവംബർ മുതൽ തുടങ്ങിയതാണ് റാഗിങ്ങ് ഭീകരത. ഫെബ്രുവരി 11 ന് പിടിയിലാകുന്നതിന് മുമ്പ് വരെ പ്രതികൾ ക്രൂരത തുടർന്നു. നിരന്തരം ലഹരി ഉപയോഗിക്കുന്ന പ്രതികൾ ജൂനിയർ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നതിലൂടെയാണ് ആനന്ദം കണ്ടെത്തിയിരുന്നത്. ദേഹോപദ്രവമേറ്റ് വേദന കൊണ്ട് ഇരകളായവർ പുളയുമ്പോൾ ദൃശ്യങ്ങൾ പകർത്തിയും പ്രതികൾ സന്തോഷം കണ്ടെത്തി. തുടർച്ചയായ റാഗിങ്ങ് സ്ഥിരീകരിക്കുന്ന വിവരങ്ങളും പ്രതികളുടെ ഫോണിൽ നിന്ന് കിട്ടിയിട്ടുണ്ട്. 40 സാക്ഷികളേയും 32 രേഖകളും കുറ്റപത്രത്തിനൊപ്പമുണ്ട്
Discussion about this post