മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍മാരിലൊരാളായ അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ കൂട്ടാളിയായ തഹാവൂർ റാണയെ കേന്ദ്രഏജൻസികൾ ഇന്ത്യയിലെത്തിച്ചിരിക്കുകയാണ്. രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തഹാവൂര്‍ റാണയെ അമേരിക്കയിലെ ജയിലില്‍ നിന്ന് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ ഇരകളുടെ നീതിക്കായുള്ള ഇന്ത്യയുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിലെ ഒരു നിര്‍ണായക ചുവടുവെയ്പ്പാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനോട് അനുബന്ധിച്ചാണ് റാണയെ ഇന്ത്യയ്ക്ക് കെെമാറുനുള്ള സുപ്രധാന തീരുമാനം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചത്. കൊടും കുറ്റവാളിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതും, യാത്രയും എല്ലാം മാദ്ധ്യമങ്ങൾ വാർത്തകളാക്കി ആഘോഷിക്കുകയാണ്. പലപ്പോഴും രഹസ്യസ്വഭാവത്തെ ചികഞ്ഞുള്ള റിപ്പോർട്ടിംഗ് രീതി അലോസരപ്പെടുത്തുകയാണെന്ന് പറയുകയാണ്. ഡോ. സൗമ്യ സരിൻ. സത്യത്തിൽ നമ്മുടെ മാധ്യമങ്ങൾ ഇന്ന് എന്താണ് ചെയ്യേണ്ടത്? ഈ വാർത്ത ഇങ്ങനെ വിളിച്ചു പറയുകയാണോ? അതോ ഈ വലിയ ഉദ്യമത്തിൽ അതിന്റെ രഹസ്യ സ്വഭാവത്തെ മാനിച്ചു രാജ്യത്തിന്റെ കൂടെ നിൽക്കുകയാണോ? എന്ന് അവർ ചോദിക്കുന്നു.
കുറിപ്പിൻ്റെ പൂർണരൂപം
.
എന്റെ ചാനലുകാരെ, എനിക്ക് നിങ്ങളെ മനസ്സിലാകുന്നില്ല …
ഇന്ന് രാവിലേ മുതൽ “റാണ” ആണ് ബ്രേക്കിങ്. ഇന്ത്യയെ നടുക്കിയ, ഇന്നും മുറിവുണങ്ങാത്ത മുംബൈ വെടി വയ്പ്പിന്റെ സൂത്രധാരൻ. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ നിമിഷങ്ങൾ… ഇനി വരും ദിനങ്ങളും. നമുക്കിടയിൽ നമ്മളറിയാതെ ചിരിയുമായി ജീവിക്കുന്ന എത്ര ഒറ്റുകാർ ഇപ്പോഴും ഉണ്ട് എന്നത് ഇനി വരും നാളുകളിൽ പുറത്തു വരേണ്ടതാണ്. അതിനായി അത്രയും സുരക്ഷയും മുൻകരുതലും ആവശ്യമാണ്. ഡൽഹി ഇന്ന് അതീവ ജാഗ്രതയിൽ ആണ്. അത്രയും തന്ത്ര പ്രധാനമായ ഒരു ദിവസം.
സത്യത്തിൽ നമ്മുടെ മാധ്യമങ്ങൾ ഇന്ന് എന്താണ് ചെയ്യേണ്ടത്? ഈ വാർത്ത ഇങ്ങനെ വിളിച്ചു പറയുകയാണോ? അതോ ഈ വലിയ ഉദ്യമത്തിൽ അതിന്റെ രഹസ്യ സ്വഭാവത്തെ മാനിച്ചു രാജ്യത്തിന്റെ കൂടെ നിൽക്കുകയാണോ?
ശെരി, അതൊന്നും വേണ്ട. റിപ്പോർട്ട് ചെയ്തോളു… പക്ഷെ അതിലും വേണ്ടേ ഒരു മര്യാദ?
നിങ്ങൾക്ക് ഈ കേസിന്റെ വിശദംശങ്ങൾ പറയാം. നാൾ വഴികൾ പറയാം. അങ്ങിനെ ഉള്ള ഓര്മപ്പെടുത്തലുകൾ ആകാം. പക്ഷെ ഇന്ന് കേട്ട ഒരു ബ്രേക്കിങ് നിലവിളി ആണ്…
അവതാരക: നമുക്ക് എങ്ങോട്ടാണ് റാണയേ കൊണ്ട് പോകുക എന്നോ ഏതു റൂട്ട് ആണ് അവർ സ്വീകരിക്കുക എന്നോ ഉള്ള എന്തെങ്കിലും സൂചനകൾ കിട്ടിയിട്ടുണ്ടോ?
റിപ്പോർട്ടർ: നിർഭാഗ്യവശാൽ നമ്മുടെ സ്ഥിരം സോഴ്‌സുകൾക്കൊന്നും ഇക്കാര്യത്തിൽ നമ്മളെ സഹായിക്കാൻ കഴിഞ്ഞിട്ടില്ല. അത്രയും രഹസ്യമായാണ് സർക്കാരും സൈന്യവും ഈ ഓപ്പറേഷൻ നടത്തുന്നത്!
അടിപൊളി
അല്ല, നിങ്ങൾ ആരുടെ കൂടെയാണ് എന്റെ മാധ്യമ പ്രവർത്തകരെ ?
ഈ മഹാൻ വന്നു പോയ ഇന്ത്യൻ നഗരങ്ങളിൽ ഒന്നിന്റെ പേര് നിങ്ങൾ കണ്ടിരുന്നോ?
കൊച്ചി!
ചിലപ്പോ നിങ്ങളുടെ ഒക്കെ ഓഫീസിന്റെ തൊട്ടടുത്ത്!
ഇതൊക്കെ ഒന്ന് ഓർമിച്ചാൽ നന്ന്
Discussion about this post