തിരുവനന്തപുരം : ആശമാരുടെ സമര വിഷയത്തിൽ സർക്കാരിനെതിരെ കവി സച്ചിദാനന്ദൻ. സർക്കാർ കോർപ്പറേറ്റ് സി.ഇ.ഒമാരുടെ ഭാഷയാണ് ഉപയോഗിക്കുന്നത്. സ്ത്രീകളാണ് സമരം ചെയ്യുന്നതെന്ന പരിഗണന പോലും കൊടുക്കുന്നില്ല. വലത് ഫാസിസ്റ്റുകളുടെ ഭാഷയാണ് സർക്കാർ ഉപയോഗിക്കുന്നതെന്നും സച്ചിദാനന്ദൻ കുറ്റപ്പെടുത്തി.
ചെറിയ വേതന വർദ്ധനവ് നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ അത് ആത്മഹത്യാപരമായ നടപടിയാണ്. പാവപ്പെട്ട സ്ത്രീകളോടെ ഡൽഹിയിൽ പോയി സമരം ചെയ്യാൻ പറയുന്നത് മോശമാണ്. സർക്കാരിനെതിരെ ഭരണപക്ഷ തൊഴിലാളി യൂണിയൻ സമരം ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു സംസ്ഥാനത്ത്. ബി.എം.എസ് പണ്ട് പറഞ്ഞത് ഭരണവും സമരവും എന്നാണ്. എന്നാൽ അധികാരം അതിനെയെല്ലാം മറികടന്നെന്നും സച്ചിദാനന്ദൻ സൂചിപ്പിച്ചു.
ആശമാരുടെ സമരത്തിന് വീഡിയോ സന്ദേശം വഴിയായിരുന്നു സച്ചിദാനന്ദൻ പിന്തുണ പ്രഖ്യാപിച്ചത്. നിലവിൽ കേരള സാഹിത്യ അക്കാഡമി ചെയർമാനാണ് അദ്ദേഹം. ആശമാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന സാംസ്കാരിക നായകർക്കെതിരെ ശക്തമായ പ്രതിഷേധമുയരുന്നതിനിടെയായിരുന്നു ഇടത് സഹയാത്രികനായ സച്ചിദാനന്ദന്റെ സർക്കാർ വിമർശനം.
Discussion about this post