കൊച്ചി; നടി വിൻസിയുടേത് ധൈര്യപൂർവ്വമായ നിലപാടാണെന്ന് നടി സ്വാസിക വിജയ്. താരത്തിന്റെ പരാതിയിൽ ശക്തമായ നടപടി ഉണ്ടാകണമെന്നും ലൊക്കേഷനിൽ ഇതുപോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും സ്വാസിക വ്യക്തമാക്കി. താൻ ആ സിനിമയുടെ ഭാഗമല്ലാത്തതിനാൽ ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും സ്വാസിക പറയുന്നു.
ഷൈൻ ടോമിന്റെ കൂടെ ജോലി ചെയ്തപ്പോൾ എനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ല. ‘വിവേകാനന്ദൻ വൈറലാണ്’ സിനിമയിലാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. കമൽ സർ ആയിരുന്നു സംവിധാനം. കൃത്യസമയത്ത് ഷോട്ടിനു വരികയും എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്യുന്ന ഒരാളായിരുന്നു.ഷൈനിന്റെ സഹകരണം കൊണ്ടു തന്നെ പറഞ്ഞ ഡേറ്റിൽ ആ സിനിമ തീർക്കുകയും ചെയ്തു. അതുകൊണ്ട് വ്യക്തിപരമായി ഈ വിഷയത്തിൽ കൂടുതൽ പറയാനും പറ്റില്ല. ആ സിനിമയുടെ സെറ്റിൽ എന്താണ് സംഭവിച്ചതെന്നും അറിയില്ല. പക്ഷേ ഒരാൾ ഒരു പരാതി വ്യക്തമായി പറഞ്ഞ സാഹചര്യത്തിൽ അതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മാത്രമേ പറയാൻ കഴിയൂയെന്ന് സ്വാസിക വ്യക്തമാക്കി.
വിൻ സി. ധൈര്യപൂർവം മുന്നോട്ടു വന്ന് അവരുടെ അനുഭവം തുറന്നു പറയുമ്പോൾ നമ്മളെല്ലാം അതു കേൾക്കണം. അതെന്താണെന്ന് അന്വേഷിക്കുകയും തീർച്ചയായും അതിലുള്ള നടപടികൾ എടുക്കണം. പെൺകുട്ടികൾ ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയുന്നില്ല എന്ന് പലപ്പോഴും പലരും പറയാറുണ്ട്. ഇപ്പോൾ ഒരാൾക്കുണ്ടായ അനുഭവം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നുവെന്ന് സ്വാസിക കൂട്ടിച്ചേർത്തു.
Discussion about this post