കോഴിക്കോട്: സിഐടിയു ജില്ലാ സെക്രട്ടറിയോട് കൈചൂണ്ടി സംസാരിച്ചതിന് സിഐടിയു നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കി. സിഐടിയു ഹെഡ്ലോഡ് വടകര ഏരിയ വൈസ് പ്രസിഡന്റ് കെ മനോജിനെതിരെയാണ് നടപടി. വടകരയിലെ പൊതുസ്ഥാപനമായ എൻഎംഡിസിയിലെ ജീവനക്കാരനാണ് മനോജ്.ശരീരഭാഷ ശരിയായില്ല എന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയതെന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ മനോജ് പറയുന്നത്. പാർട്ടി വിരുദ്ധമായ ഒന്നുംതന്നെ പറഞ്ഞിട്ടില്ല. സിപിഎമ്മിൽ പരാതി നൽകാനാണ് എന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 20ന് ആലഞ്ചേരിയിൽ വച്ച് സമ്മേളനം നടക്കുകയാണ്. അതിന്റെ ഭാഗമായുള്ള ചർച്ചകൾ നടന്നിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറി നാസറിനോട് പ്രശ്നങ്ങൾ ഉന്നയിച്ച ഞാൻ കുറച്ച് ഉറക്കെ സംസാരിച്ചു. അത് ഞാൻ സമ്മതിക്കുന്നു. എന്നാൽ, തെറ്റായ ഒരുവാക്ക് പോലും ഉപയോഗിച്ചില്ല. പ്രശ്നങ്ങൾ അറിയിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് നടത്തിയ യോഗത്തിൽ ഞാൻ നാസറിനെ അടിച്ചുവെന്നാണ് യൂണിയൻ ഏരിയ പ്രസിഡന്റ് കെകെ രമേശൻ കള്ളം പറഞ്ഞത്. കൈചൂണ്ടി വളരെ മോശമായി സംസാരിച്ചുവെന്നും അതിന്റെ പേരിൽ പുറത്താക്കുകയാണെന്നും പറഞ്ഞു.
Discussion about this post