കൊച്ചി: രാസലഹരി കേസിലെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന. ഇതിനായി പ്രമുഖ അഭിഭാഷകരുമായി ഷൈൻ ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. അതേ സമയം സിനിമാ മേഖലയില്‍ വ്യാപകമായ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നാണ് ചോദ്യംചെയ്യലിൽ ഷൈൻ പോലീസിന് നല്‍കിയ മൊഴി. പ്രമുഖരായ പല നടന്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, പഴിമുഴുവന്‍ തനിക്കും മറ്റൊരു നടനും മാത്രമാണെന്നാണ് ഷൈന്‍ പോലീസിനോട് പറഞ്ഞു എന്നാണ് സൂചന
കഴിഞ്ഞദിവസം ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം വന്നതിന് ശേഷമായിരിക്കും ഷൈൻ എതിരെയുള്ള നിയമനടപടികള്‍ ആരംഭിക്കുക. ലഹരി ഇടപാടുകാരനായ സജീറുമായുള്ള ബന്ധം തെളിഞ്ഞതോടെയെന്ന് വിവരം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തത് . നടനെ വൈദ്യപരിശോധനയ്ക്കു ശേഷം പോലീസ് ജാമ്യത്തില്‍ വിട്ടു.
പോലീസ് പരിശോധന നടക്കുന്ന സമയത്ത് ഷൈന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്ന മലപ്പുറം സ്വദേശി അഹമ്മദ് മുര്‍ഷദ് രണ്ടാംപ്രതിയാണ്. ലഹരി ഇടപാടുകാരായ സജീറുമായും തസ്ലീമയുമായും തനിക്കുള്ള ബന്ധം സമ്മതിച്ച ഷൈന്‍ നേരത്തേ ലഹരി ഉപയോഗിച്ചിരുന്നെന്ന് പറഞ്ഞതായും പോലീസ് വ്യക്തമാക്കി.വീണ്ടും ചോദ്യംചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ലഹരി ഉപയോഗിച്ചതായി ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിരുന്നു. എന്നാല്‍, വൈദ്യപരിശോധനയ്ക്ക് സ്വയം തയ്യാറായി എത്തിയതില്‍ പോലീസിന് സംശയമുണ്ട്. വൈദ്യപരിശോധനയില്‍ ലഹരി കണ്ടെത്താതിരിക്കാനുള്ള ആന്റിഡോട്ടുകള്‍ ഇയാള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പോലീസിന്റെ ഇപ്പോഴത്തെ പ്രധാന സംശയം. അങ്ങനെയെങ്കില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്താന്‍ പ്രയാസമായിരിക്കും.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പോലീസ് പരിശോധനയ്ക്കിടെ എറണാകുളത്തെ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ഷൈന്‍ സിനിമ സ്‌റ്റൈലില്‍ ചാടി ഓടി രക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് പോലീസ് ഷൈനിന് നോട്ടീസയച്ചത്. എന്നാല്‍, 48 മണിക്കൂറിന് ശേഷം പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നോ അറസ്റ്റുണ്ടാകുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല.
Discussion about this post