തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യപ്പെടുന്ന ലഹരിയിൽ പോലും വ്യാജന്റെ കടന്നുകയറ്റമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് എംഡിഎംഎയെന്ന പേരിൽ വിൽപ്പന നടത്തുന്നത് മറ്റ് രാസപദാർത്ഥങ്ങളാണെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. ശരിക്കുമുള്ള എംഡിഎംഎയ്ക്ക് ലക്ഷങ്ങളാണ് വില വരുന്നത്.
യൂറോപ്പ്യൻ- അമേരിക്കൻ രാജ്യങ്ങളുടെ ലഹരിയാണ് എംഡിഎംഎ. ശരിക്കുള്ള എംഡിഎംഎയുടെ ഉത്പാദനം ഇന്ത്യയ്ക്ക് അകത്ത് പോലുമില്ല. ഈ വ്യാജ എംഡിഎംഎ ഉപയോഗിക്കുന്നവർ 35 വയസ് പോലും തികയ്ക്കില്ലെന്നും അവ കിഡ്‌നിയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരിക്കുള്ള എംഡിഎംഎ അല്ല കേളത്തിലുള്ളത്. യൂറോപ്പ്യൻ, അമേരിക്കൻ പോലുള്ള രാജ്യങ്ങളിലുള്ള ലഹരി മരുന്നാണിത്. കേരളത്തിലും ഇന്ത്യയ്ക്കകത്തും ഇതിന്റെ ഉത്പാദനം ഇല്ല. ഇന്ത്യയിൽ ലഭ്യമാണെങ്കിൽ അതിന് വലിയ വിലയാണ്. മൈസൂർ, കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിൽ ഈ പേര് വച്ചിട്ട് വ്യാജമായി ഉണ്ടാക്കുന്നു എന്നാണ്. അതിനകത്ത് പേസ്റ്റ്, ചുണ്ണാമ്പ് എന്നിങ്ങനെയൊക്കെയുള്ള സാധനങ്ങളാണ് ചേർക്കുന്നത്. അതിനകത്ത് എലിവിഷം ചേർക്കുന്നുണ്ട്. അക്കാര്യത്തിൽ ഒരു സംശയം വേണ്ട. ഒരു കിക്ക് കിട്ടുന്നതിന് വേണ്ടിയാണ് എലിവിഷം ചേർക്കുന്നത്. ശരീരത്തിന് താങ്ങാൻ പറ്റുന്ന രീതിയിൽ മാത്രമേ അത് ചേർക്കുകയുള്ളൂ. ആളുകൾ മരിക്കാൻ പാടില്ലല്ലോ. ആ രീതിയിലേ അവർ ചെയ്യുകയുള്ളൂയെന്ന് അദ്ദേഹം പറഞ്ഞു.
ശരിയായ എംഡിഎംഎ ഉപയോഗിക്കുന്നതിനേക്കൾ കൂടുതൽ അപകടകാരിയാണ് വ്യാജൻ. അത് നേരെ കിഡ്‌നിയെയാണ് ബാധിക്കുക. ഇങ്ങനെയുള്ളവ ഉപയോഗിച്ച് കഴിഞ്ഞാൽ 35 വയസിനപ്പുറത്തേക്ക് ആള് കടക്കില്ല. കിഡ്‌നിയെയും ലിവറിനെയും നേരിട്ടാണ് ഇത് ബാധിക്കുക. ഏതോ നല്ല ഗുളിക ഉപയോഗിക്കുകയാണെന്നാണ് ആളുകൾ വിചാരിക്കുന്നതെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.
Discussion about this post