ഇസ്ലാമാബാദ്: പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾക്കിടെ പാക് ജനത തെരുവിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയതായി വിവരം. വടക്കൻ പാകിസ്താനിലെ ഗിൽജിത്-ബാൾട്ടിസ്ഥാനിലാണ് പാക് ജനത, സ്വന്തം സർക്കാരിനെതിരെ രംഗത്തെത്തിയത്. സിന്ധുനദീജലകരാർ ഇന്ത്യ മരവിപ്പിച്ചതും വ്യാപാരനയങ്ങളിലെ മാറ്റവുമെല്ലാം സാരമായിട്ടാണ് രാജ്യത്തെ ബാധിച്ചിരിക്കുന്നത്. സാമ്പത്തികമായി ഏറെ തകർന്ന അവസ്ഥയിൽ ഇന്ത്യയുമായി യുദ്ധത്തിന് പോകുന്നത് രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നാണ് പൊതുജനം വിമർശിക്കുന്നത്.
ഇന്ത്യയെ വെറുതെ പ്രകോപിപ്പിച്ച് മറ്റൊരു യുദ്ധത്തിന് കോപ്പുകൂട്ടിയാൽ ഇതിന്റെ ചെലവും പ്രത്യാഘാതങ്ങളും ആര്, എങ്ങനെ വഹിക്കുമെന്നാണ് ജനം ചോദിക്കുന്നത്. ഇന്ത്യ ഒളിപ്പിച്ചുവച്ച അത്യാധുനിക ആയുധങ്ങളെ തടുക്കാൻ പാകിസ്താനാവുമോ എന്ന സംശയവും ജനം ഉന്നയിക്കുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് അഭ്യർത്ഥനകളിലേറെയും.
യുദ്ധസമാനമായ സാഹചര്യത്തിൽ പൊതുജനം അക്രമാസക്തമായി തെരുവിലിറങ്ങുന്നത് എന്തായാലും പാകിസ്താനെ സംബന്ധിച്ച് ശുഭകരമായ കാര്യമല്ല. ബാൾട്ടിസ്ഥാൻ പോലെ പ്രശ്‌നബാധിത പ്രദേശങ്ങളിൽ ജനം തെരുവിലിറങ്ങുന്നത് ഇവിടുത്തെ സൈന്യത്തിന്റെ ശ്രദ്ധതിരിക്കും. അതേസമയം പാകിസ്താനിൽ നടക്കുന്നത് ഇന്ത്യക്കെതിരെയായ പ്രതിഷേധമാണെന്നാണ് പാക് അധികൃതരുടെ ന്യായീകരണം.
Discussion about this post