ആലപ്പുഴ∙ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് താൻ നേരത്തേ എത്തിയതിൽ ഒരു രാജവംശത്തിലെ മരുമകന് സങ്കടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഴിഞ്ഞം പദ്ധതി കേരളത്തിൻറെ വികസനത്തിന് വേണ്ടിയാണ് എന്ന് കാണുമ്പോൾ , അതിൽ സന്തോഷിക്കുമ്പോൾ, അത് ആഘോഷിക്കുമ്പോൾ ചില രാജവംശത്തിലെ മരുമകന് അത് കാണുമ്പോൾ സങ്കടമെന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.
‘‘ഞാൻ നേരത്തേ വന്നതിലാണ് സങ്കടം. എന്തുകൊണ്ട് നേരത്തെ വന്നു? പ്രവർത്തകർ നേരത്തേ വന്നതുകൊണ്ട് സംസ്ഥാന പ്രസിഡന്റായ ഞാനും അവർക്കൊപ്പം വരണമെന്ന് കരുതിയാണ് നേരത്തെ എത്തിയത്. 8.45ന് അവിടെ എത്തി. എല്ലാവരും വിഐപി ലോഞ്ചിലേക്കു പോയപ്പോൾ എന്റെ പ്രവർത്തകരെ കാണാനും അവരോട് സംസാരിക്കാനുമാണ് ഞാൻ നേരത്തേ വേദിയിൽ കയറിയതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാജ്യത്തിന്റെ പ്രധാന പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ പ്രവർത്തകർ ഭാരത് മാതാ കീ ജയ് പറഞ്ഞു, ഒപ്പം താനും ഭാരത് മാതാ കീ ജയ് പറഞ്ഞു. ഇതെല്ലാം കാണുമ്പോൾ കമ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകന് സങ്കടം. ഒരു ഡോക്ടറെ പോയി കാണുന്നതാണ് ആ സങ്കടത്തിനുള്ള മരുന്നെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇതിനൊക്കെ സങ്കടപ്പെട്ടാൽ വരുംകാലത്ത് ധാരാളം സങ്കടപ്പെടും. ഇവിടെ ഇനി ഉറക്കം ഉണ്ടാകില്ലെന്ന് മോദിജി പറഞ്ഞു. അത് ശരിയാണ്. ഇന്നലെ രാത്രി മുഴുവൻ സിപിഎമ്മുകാർ എന്നെ ട്രോൾ ചെയ്യുകയായിരുന്നു. വികസിത കേരളമാണ് ലക്ഷ്യം, ഈ ട്രെയിൻ നിൽക്കില്ല. ഈ ട്രെയിനിൽ ഇടതുപക്ഷത്തിനു കയറണമെങ്കിൽ കയറാം, മരുമകനും കയറാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഉദ്ഘാടന വേദിയിലെ ബിജെപി പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറിൻറെ സാന്നിദ്ധ്യത്തെ മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചിരുന്നു. ഈ പരിഹാസത്തെ ഏറ്റുപിടിച്ച് കേരളത്തിലെ പ്രധാന മാദ്ധ്യമങ്ങളും രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖറിൻറെ പ്രതികരണം.
Discussion about this post