ചാവക്കാട്: പോക്‌സോ കേസിൽ മുസ്ലീം ലീഗ് നേതാവിന് ശിക്ഷ വിധിച്ച് കോടതി. 9 വയസുകാരിയെ മദ്രസയിൽ വച്ച് പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകനും മുല്ലശേരി ബ്ലോക്ക് പഞ്ചായത്തംഗവും മുല്ലശേരി തിരുനെല്ലൂർ പുതിയവീട്ടിൽ ഷെരീഫ് ചിറയ്ക്കലി (മുഹമ്മദ് ഷെരീഫ് – 52) നെയാണ് ശിക്ഷിച്ചത്. 37 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാത്ത പക്ഷം 4 വർഷവും 2 മാസവും അധിക തടവ് അനുഭവിക്കണം.
ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അന്യാസ് തയ്യിലാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയും മദ്രസയിലെ പ്രധാനാദ്ധ്യാപകനുമായിരുന്ന പാലക്കാട് വീരമംഗലം ഒടുവാങ്ങാട്ടിൽ അബ്ബാസിനോട് കുട്ടി വിവരം വെളിപ്പെടുത്തിയിരുന്നു. ഇത് മറച്ചുവച്ചതിന് ഇയാൾക്ക് 10,000 രൂപ പിഴയും പിഴ അടക്കാത്ത പക്ഷം ഒരു മാസം തടവിനും ശിക്ഷിച്ചു.
പ്രതികളിൽ നിന്ന് പിഴ ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നൽകാനും വിധിയുണ്ട്. പഠനത്തിൽ പിന്നോട്ടുപോയതിനെ തുടർന്ന് സ്‌കൂൾ അദ്ധ്യാപകർ അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് അദ്ധ്യാപകർ ചൈൽഡ് ലൈനിലും രക്ഷിതാക്കളെയും അറിയിച്ചു. ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തിൽ പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
Discussion about this post