മുൻ മാനേജർ വിപിനെ മർദിച്ചിട്ടില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. തന്നെക്കുറിച്ച് വിപിൻ മോശം കാര്യങ്ങൾ പറഞ്ഞു പരത്തുന്നുവെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ആരോപണം ഉന്നയിച്ച വിപിൻ കുമാറിനെ താൻ മർദിച്ചിട്ടില്ലെന്നും കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു എന്നത് ശരിയാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. അയാൾ ചെയ്ത ചില കാര്യങ്ങൾ പൊറുക്കാൻ കഴിയാത്തതായിരുന്നു. തന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറയുന്നത് ഏത് സാഹചര്യത്തിലാണെന്ന് അറിയണമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അയാളെ കാണാൻ തീരുമാനിച്ചത്. കുറച്ച് ഇമോഷണൽ ആയാണ് താൻ അയാളോട് സംസാരിച്ചത്. അതിന്റെ പുറത്താണ് അയാളുടെ മുഖത്തുണ്ടായിരുന്ന കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞതെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
വിപിനെ അടിച്ചിട്ടില്ല. കൂടെയുണ്ടായിരുന്ന ആൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് ജാമ്യമെടുക്കേണ്ട കുറ്റമൊന്നും ചെയ്തിട്ടില്ല എന്നു പറയുന്നത്. സംസാരത്തിനൊടുവിൽ വിപിൻ കരയുകയും മാപ്പു പറയുകയും ചെയ്‌തെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
തന്നെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഉപകരണമായി പ്രവർത്തിക്കുകയാണോ വിപിൻ എന്ന് സംശയമുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഒരുസമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായിരുന്നവർ ആയിരിക്കാം അവരെന്നും എന്നാൽ പേരുകൾ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഷ്ടപ്പെട്ട് പണിയെടുത്ത് സിനിമ ചെയ്യുന്ന ആളാണ് താൻ. സിനിമയിൽ കാര്യമായി സുഹൃത്തുക്കളില്ല. ആളുകൾക്ക് ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ചെയ്യുന്ന സിനിമകൾ വിജയിക്കുന്നത്. തനിക്ക് സിനിമയിൽ ഗോഡ്ഫാദറോ ലോബിയോ ഇല്ല. മറ്റൊരാൾക്കും തന്റെ അവസ്ഥ വരരുതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
Discussion about this post