നടൻ ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് വ്യക്തമാക്കി ഫെഫ്ക. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചെന്നും ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. അമ്മയും ഫെഫ്കയുമാണ് ഇരുവരെയും ഒരുമിച്ച് ഇരുത്തി ചർച്ച നടത്തിയത്. എന്നാൽ വിപിനെതിരെ സിനിമാ സംഘടനകളിൽ പരാതിയുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്നും വിപിൻ മാനേജരായിരുന്നുവെന്നും സംഘടനകൾ വ്യക്തമാക്കി.
അമ്മയുടെ കൊച്ചിയിലെ ഓഫീസിൽ ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ അനുരഞ്ജന ചർച്ചയിലാണ് പ്രശ്‌നങ്ങൾക്ക് പരിഹാരമായത്. അമ്മ അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളും ഫെഫ്ക ഭാരവാഹികളും ചർച്ചയ്ക്ക് നേതൃത്വം നൽകി. നാലു മണിക്കൂറോളം നീണ്ട ചർച്ച രമ്യമായി അവസാനിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന് കാണിച്ച് മുൻ മാനേജർ വിപിൻ കുമാർ പരാതി നൽകിയിരുന്നു. ടൊവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസിറ്റിവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്തു മർദിച്ചെന്നാണ് ആരോപണം. എന്നാൽ ഇക്കാര്യം ഉണ്ണി മുകുന്ദൻ നിഷേധിച്ചിരുന്നു. നടന്റെ ഫ്ളാറ്റിൽ വച്ച് മേയ് 26ന് ഉച്ചക്ക് മർദനമേറ്റെന്നാണ് വിപിൻ നൽകിയിരിക്കുന്ന മൊഴി. മുഖത്തും തലയിലും നെഞ്ചിലും മർദിച്ചെന്നും തന്നെ അസഭ്യം പറഞ്ഞെന്നും പരാതിക്കാരൻ ആരോപിക്കുന്നുണ്ട്.
Discussion about this post