പട്രോളിംഗിനിടെ വാഹനപരിശോധന നടത്താൻ ശ്രമിച്ച എസ്‌ഐയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം.മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഇ.എം. മുഹമ്മദിനെയാണ് അജ്ഞാത സംഘം ആക്രമിച്ചത്. പലതവണ കാർ ശരീരത്തിലൂടെ കയറ്റിയിറക്കിയെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്‌ഐയുടെ കാലിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. തുടർന്ന് ഇദ്ദേഹത്തെഅടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. പട്രോളിങ്ങിനിറങ്ങിയ എസ്‌ഐ മുഹമ്മദും സംഘവും വഴിയാഞ്ചിറ ഭാഗത്തുവെച്ച് കറുത്ത സാൻട്രോ കാറിലെത്തിയ രണ്ടുപേർ വാഹനം നിർത്തി എന്തോ കൈമാറ്റം ചെയ്യുന്നത് കണ്ടു. തുടർന്ന് പട്രോളിങ് വാഹനം നിർത്തി മുഹമ്മദ് ഇവരുടെ അടുത്തേക്ക് ചെന്നു. അതിനിടെ കാർ എടുത്തു പോകാൻ അവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കാറിനുള്ളിൽ ഉണ്ടായിരുന്നവരോട് പുറത്തേക്ക് ഇറങ്ങാൻ മുഹമ്മദ് ആവശ്യപ്പെട്ടു. എന്നാൽ കാറിലുണ്ടായിരുന്നവർ ഇതിന് തയ്യാറായില്ല. ഈസമയം മുഹമ്മദ് വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇവർ കാർ മുമ്പോട്ട് എടുക്കാൻ ശ്രമിച്ചു. കാറിന്റെ മുൻ ചക്രം മുഹമ്മദിന്റെ കാലിൽ കയറിയതോടെ റോഡിലേക്ക് വീണു. ഈ സമയം ഇവർ കാർ വലതുകാലിലൂടെ തുടവരെ ഓടിച്ചുകയറ്റി. മുന്നോട്ട് പോയ വാഹനം വീണ്ടും പിന്നോട്ടെടുത്ത് മുഹമ്മദിന്റെ ദേഹത്തുകൂടി കയറ്റി.
ഈ സമയം എസ്‌ഐയുടെ കൂടെയുണ്ടായിരുന്ന പോലീസുകാരൻ പോലീസ്ജീപ്പിൽനിന്ന് ഓടിയെത്തി കാർ തടയാൻ ശ്രമിച്ചു. ഇതിനിടയിൽ കാറിലുണ്ടായിരുന്ന ഒരാൾ വാഹനത്തിൽനിന്ന് പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു. ഡ്രൈവിങ് സീറ്റിലിരുന്നയാൾ വാഹനവുമായി കടന്നുകളഞ്ഞു. സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളിലൊരാളുടെ ചിത്രം നാട്ടുകാർ പകർത്തിയതായാണ് വിവരം.
Discussion about this post