വാഷിംഗ്ടൺ : അമേരിക്കൻ സന്ദർശനത്തിന് എത്തിയ പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിനെതിരെ വാഷിംഗ്ടണിൽ വൻ പ്രതിഷേധം. അസിം മുനീർ വാഷിംഗ്ടണിലെ ഒരു ഹോട്ടലിൽ എത്തിയപ്പോൾ പ്രതിഷേധക്കാർ തടിച്ചുകൂടി മുദ്രാവാക്യങ്ങൾ വിളിച്ചു. കൂട്ടക്കൊലയാളി, ഏകാധിപതി, നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു എന്നിങ്ങനെയുള്ള ബാനറുകൾ പിടിച്ചായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്.
പാകിസ്താൻ പൗരന്മാരും പാക്-അമേരിക്കൻ പൗരന്മാരും ആണ് പ്രതിഷേധം നടത്തിയത്. പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫിന്റെ പ്രവർത്തകരാണ് പ്രതിഷേധത്തിന് പിന്നിൽ എന്നാണ് സൂചന. പാകിസ്താൻ എംബസിക്ക് പുറത്ത് വെച്ചും അസിം മുനീറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. പാകിസ്താനിൽ ജനാധിപത്യം തിരിച്ചുവരാൻ സ്വതന്ത്ര തിരഞ്ഞെടുപ്പുകൾ നടത്താൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്യുകയും ചെയ്തു.
മനുഷ്യാവകാശ ലംഘനങ്ങൾ, ജനാധിപത്യ സ്ഥാപനങ്ങളുടെ തകർച്ച, സൈനിക നേതൃത്വത്തിന് കീഴിലുള്ള “അപ്രഖ്യാപിത പട്ടാള നിയമം” എന്നിങ്ങനെ പാകിസ്താൻ നേരിടുന്ന ഭരണകൂട ക്രൂരതകൾക്കെതിരെയാണ് പ്രതിഷേധം എന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്. പാകിസ്താൻ എംബസിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധം യു എസ് പോലീസ് തടഞ്ഞതോടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി.
പാകിസ്താനും അമേരിക്കയും തമ്മിലുള്ള സൈനിക, തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അസിം മുനീർ ഞായറാഴ്ചയാണ് വാഷിംഗ്ടണിൽ എത്തിയത്.
യുഎസ് സായുധ സേനയുടെ 250-ാം വാർഷികത്തിനായാണ് അമേരിക്കന് സന്ദർശനം എന്നായിരുന്നു അസിം മുനീർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഈ വാദം പിന്നീട് അമേരിക്ക നിഷേധിച്ചിരുന്നു. എന്നാൽ വാർഷികത്തിനോ സൈനിക പരേഡിൽ പങ്കെടുക്കാനോ പാകിസ്താനിൽ നിന്നുമുള്ള ആരെയും ക്ഷണിച്ചിട്ടില്ല എന്ന് വാഷിംഗ്ടൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Discussion about this post