നിലമ്പൂരിലെ തിരഞ്ഞെടുപ്പ ഫലം വന്നിരിക്കുകയാണ്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ കോൺഗ്രസ് അംഗം ആര്യാടൻ ഷൗക്കത്തിനാണ് വിജയം. അദ്ദേഹം എംഎൽഎയാകുന്നതോടെ നിയമസഭയിലെത്തുന്ന പ്രമുഖ നേതാക്കളുടെ മക്കളുടെ എണ്ണം 11 ആകും. ഇത് കൂടാതെ നിയമസഭയിലെ മുൻ അംഗങ്ങളുടെ നാല് അടുത്ത ബന്ധുക്കളും നിയമസഭയിലുണ്ട്. ഭാര്യ, ഭർത്താവ്, സഹോദരൻ, മരുമകൻ എന്നിങ്ങനെയാണ് ബന്ധങ്ങൾ. മക്കളിൽ 6 പേർ എൽഡിഎഫിലും 5 പേർ യുഡിഎഫിലുമാണെങ്കിൽ അടുത്ത ബന്ധുക്കളിൽ മൂന്ന് പേർ എൽഡിഎഫിലും ഒരാൾ യു ഡിഎഫിലുമാണ്. ഇവരിൽ മൂന്ന് പേർ ഈ നിയമസഭയുടെ കാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആദ്യമായി സഭയിലെത്തുന്നത്.
മുൻനേതാക്കളുടെ പാതപിന്തുടർന്നെത്തിയ മക്കളും ബന്ധുക്കളും ആരാണെന്ന് നോക്കാം.
ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ-കോൺഗ്രസ്)
ആദ്യമായാണ് ആര്യാടൻ ഷൗക്കത്ത് സഭയിൽ അംഗമാകുന്നത്. പിതാവ് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് 8 തവണ എംഎൽഎയായിരുന്നു.
പി.എസ്.സുപാൽ (പുനലൂർ- സിപിഐ)
പുനലൂർ മണ്ഡലത്തിൽനിന്നു 2 തവണ തിരഞ്ഞെടുക്കപ്പെട്ട സിപിഐ നേതാവ് പി.കെ.ശ്രീനിവാസന്റെ മകൻ. 1996 ൽ വോട്ടെടുപ്പു കഴിഞ്ഞു ഫലം പ്രഖ്യാപിക്കും മുൻപ് അദ്ദേഹം അന്തരിച്ചതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ സുപാൽ ജയിച്ചു. 2001 ലും 2021 ലും സുപാൽ പുനലൂരിൽനിന്നു വീണ്ടും സഭയിലെത്തി.
കെ.ബി.ഗണേഷ് കുമാർ (പത്തനാപുരം- കേരള കോൺഗ്രസ് (ബി))
ഇരുമുന്നണികളിലായി 6 മന്ത്രിസഭകളിൽ അംഗമായിരുന്ന കേരള കോൺഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണപിള്ളയുടെ മകൻ. അച്ഛനൊപ്പം സഭയിൽ അംഗമായ ഏക വ്യക്തി. 2001 ൽ കൊട്ടാരക്കരയിൽനിന്നു ബാലകൃഷ്ണപിള്ളയും പത്തനാപുരത്തുനിന്നു ഗണേഷും ജയിച്ചു.അന്നും മന്ത്രിയായി.
കെ.പി.മോഹനൻ (കൂത്തുപറമ്പ് -ആർ ജെ ഡി)
സോഷ്യലിസ്റ്റ് നേതാവും ഇഎംഎസ്, നായനാർ മന്ത്രിസഭകളിൽ അംഗവുമായിരുന്ന പി.ആർ.കുറുപ്പിന്റെ മകൻ.2001 ൽ പെരിങ്ങളം മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം ഇപ്പോൾ എൽഡിഎഫിനൊപ്പം. മുന്നണി മാറിയപ്പോൾ മണ്ഡലവും മാറി.
എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി- കേരള കോൺഗ്രസ് (എം))
മുൻമന്ത്രിയും ഡപ്യൂട്ടി സ്പീക്കറും വാഴൂർ എംഎൽഎയും ആയിരുന്ന കേരള കോൺഗ്രസ് (എം) നേതാവ് കെ.നാരായണക്കുറുപ്പിന്റെ മകൻ. 2006 ൽ ആദ്യമായി വാഴൂരിൽനിന്നാണു സഭയിലെത്തി.വാഴൂർ ഇല്ലാതായതോടെ 2011 മുതൽ തൊട്ടടുത്ത കാഞ്ഞിരപ്പള്ളിയിൽ. 2021ൽ മുന്നണി മാറി സഭയിൽ ചീഫ് വിപ് ആയി.
വി.ആർ.സുനിൽ കുമാർ (കൊടുങ്ങല്ലൂർ- സിപിഐ)
1977 ൽ കൊടുങ്ങല്ലൂരിൽനിന്നും 1996 ൽ മാളയിൽനിന്നും ജയിച്ച 96 ലെ നായനാർ മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്ന സിപിഐ നേതാവ് വി.കെ.രാജന്റെ മകൻ. 2016 മുതൽ നിയമസഭാംഗം.
ഡോ.സുജിത് വിജയൻപിള്ള (ചവറ- സിപിഎം)
2016 ൽ ചവറയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട സിഎംപി അംഗമായ എൻ.വിജയൻപിള്ളയുടെ മകൻ. 2021 നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് അദ്ദേഹം അന്തരിച്ചതിനാൽ സീറ്റ് മകനിലെത്തി
ഡോ.എം.കെ.മുനീർ (കോഴിക്കോട്- മുസ്ലിം ലീഗ്)
മുഖ്യമന്ത്രിയും സ്പീക്കറുമായിരുന്ന മുസ്ലിം ലീഗ് നേതാവ് സി.എച്ച്.മുഹമ്മദ് കോയയുടെ മകൻ.1991 ലെ ആദ്യമത്സരത്തിൽ ജയിച്ചു.
പി.കെ.ബഷീർ (ഏറനാട്- മുസ്ലിം ലീഗ്)
5 തവണ എംഎൽഎയും ചീഫ് വിപ്പുമായിരുന്ന മുസ്ലിം ലീഗ് നേതാവ് പി.സീതിഹാജിയുടെ മകൻ. സീതിഹാജി സഭാംഗമായിരിക്കെ 1992 ൽ മരിച്ചു. ഏറനാട് നിന്നും 2011 ൽ നിയമസഭയിൽ.
അനൂപ് ജേക്കബ് (പിറവം- കേരളാ കോൺഗ്രസ് ജേക്കബ് )
മുൻ മന്ത്രി കേരളാ കോൺഗ്രസ് നേതാവ് ടി എം ജേക്കബിന്റെ മകൻ. 2011 ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന ജേക്കബ് മരിച്ചപ്പോൾ പിറവം മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അനൂപ് ജയിച്ചു. ജേക്കബിന്റെ വകുപ്പായ ഭക്ഷ്യവകുപ്പ് ഏറ്റെടുത്തു.
ചാണ്ടി ഉമ്മൻ (പുതുപ്പള്ളി- കോൺഗ്രസ് )
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ. 1970 മുതൽ അദ്ദേഹത്തിന്റെ മണ്ഡലമായ പുതുപ്പള്ളിയിൽനിന്നു മരണശേഷം ഉപതിരഞ്ഞെടുപ്പിൽ 2023 ൽ സഭയിലെത്തി.
ഉമ തോമസ് (തൃക്കാക്കര- കോൺഗ്രസ്)
കോൺഗ്രസ്‌നേതാവ് പി.ടി.തോമസിന്റെ ഭാര്യ. ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിലെത്തി. സഭയിലെ ഏക കോൺഗ്രസ് വനിതാ അംഗം.
മന്ത്രി ജി.ആർ.അനിൽ (നെടുമങ്ങാട്- സിപിഐ)
ചടയമംഗലം എംഎൽഎ ആയിരുന്ന ആർ.ലതാദേവിയുടെ ഭർത്താവാണ് അനിൽ.
തോമസ് കെ.തോമസ് (കുട്ടനാട്-എൻസിപി)
2006 മുതൽ കുട്ടനാട് എംഎൽഎയും കഴിഞ്ഞ സർക്കാരിൽ മന്ത്രിയുമായായിരുന്ന എൻസിപി നേതാവ് തോമസ് ചാണ്ടിയുടെ സഹോദരൻ. തോമസ് ചാണ്ടിയുടെ മരണാനന്തരം സീറ്റ് തോമസ് കെ.തോമസിന് ലഭിച്ചു.
മന്ത്രി മുഹമ്മദ് റിയാസ് (ബേപ്പൂർ-സിപിഎം )
മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ. ഡിവൈഎഫ്‌ഐ നേതാവായിരിക്കെ കോഴിക്കോട് നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. പിണറായി വിജയന്റെ മകൾ ടി.വീണയെ വിവാഹം കഴിച്ച ശേഷം ബേപ്പൂരിൽനിന്നു മത്സരിച്ചു മന്ത്രിയായി.
Discussion about this post