2023 ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ തോറ്റതിനുള്ള പ്രതികാരമായി 2024 ലെ ടി20 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയയെ പുറത്താക്കാൻ ഇന്ത്യ ആഗ്രഹിച്ചിരുന്നുവെന്ന് രോഹിത് ശർമ്മ വെളിപ്പെടുത്തി. 2023 നവംബർ 19 ന് അഹമ്മദാബാദിൽ നടന്ന ഫൈനലിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ കളിച്ച ഇന്ത്യ ഓസ്‌ട്രേലിയക്ക് മുന്നിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു.
ടൂർണമെന്റിലുടനീളം തോൽവിയറിയാതെ കളിച്ച ഇന്ത്യ ഓസീസിനെതിരെ 6 വിക്കറ്റിന് അന്ന് പരാജയം സമ്മതിക്കുക ആയിരുന്നു. സ്വന്തം നാട്ടിൽ ടീം കപ്പ് നേടുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ കളിക്കാരുടെയും ആരാധകരുടെയും സ്വപ്നങ്ങൾക്ക് നിഴൽ വീഴ്ത്തിയ ഈ പരാജയത്തിന് ഒടുവിൽ ഒരു രാജ്യം മുഴുവൻ കരയുക ആയിരുന്നു.
എന്നാൽ പ്രതികാരം ചെയ്യാൻ ഇന്ത്യക്ക് ഒരുപാട് കാത്തിരിക്കേണ്ടതായി വന്നില്ല. ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനം ഉറപ്പാക്കാൻ ഓസ്ട്രേലിയ അവസാന സൂപ്പർ 8 മത്സരത്തിൽ ഇന്ത്യയെ നേരിട്ടു. അഫ്ഗാനിസ്ഥാനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിനാൽ അവസാന നാലിൽ ഇടം നേടണമെങ്കിൽ ഓസ്‌ട്രേലിയക്ക് ആ മത്സരം ജയിക്കേണ്ടത് അത്യാവശ്യം ആയിരുന്നു.
എന്തായാലും അടുത്തിടെ ഒരു അഭിമുഖത്തിൽ നവംബർ 19 ന് ഓസ്ട്രേലിയ തങ്ങളെ നശിപ്പിച്ചുവെന്നും കളിക്കാർ ഓസ്ട്രേലിയയ്ക്ക് ഒരു ‘സമ്മാനം’ (മറുപണി) നൽകാൻ ആഗ്രഹിച്ചു എന്നും രോഹിത് പറഞ്ഞു. ഓസ്ട്രേലിയയെ തോൽപ്പിച്ചാൽ അവർ ടൂർണമെന്റിൽ നിന്ന് പുറത്താകുമെന്ന് കളിക്കാർക്ക് അറിയാമായിരുന്നു എന്ന് രോഹിത് പറഞ്ഞു.
“നവംബർ 19-ന് നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയ നമ്മുടെയും മുഴുവൻ രാജ്യത്തിന്റെയും സന്തോഷം നശിപ്പിച്ചു,. അതിനാൽ നമ്മൾ അവർക്ക് പണി കൊടുക്കാൻ തീരുമാനിച്ചു. ഡ്രസ്സിംഗ് റൂമിൽ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ഈ മത്സരം ഞങ്ങൾ ജയിച്ചാൽ ഓസ്ട്രേലിയ ടി20 ലോകകപ്പിൽ നിന്ന് പുറത്താകും എന്ന് ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നു. അവർക്ക് അതിനാൽ തന്നെ ആ പണി ഞങ്ങൾ നൽകി” സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ രോഹിത് പറഞ്ഞു.
മത്സരത്തിൽ രോഹിത്തിന്റെ 92 റൺ ബലത്തിൽ ഇന്ത്യ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുചെയ്ത ഓസീസിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനേ സാധിച്ചുള്ളൂ.
Discussion about this post