ഇന്ത്യൻ അണ്ടർ 19 ടീം നിലവിൽ ഇംഗ്ലണ്ടിലാണ്, ജൂൺ 27 മുതൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള യൂത്ത് ഏകദിന പരമ്പരയിലും രണ്ട് യൂത്ത് ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ടിനെ നേരിടും. ചൊവ്വാഴ്ച, അവർ ഒരു സന്നാഹ മത്സരത്തിന്റെ ഭാഗമായി കളത്തിൽ ഇറങ്ങിയിരുന്നു. ചൊവ്വാഴ്ച ലീഡ്‌സിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഗിൽ നയിച്ച ഇന്ത്യൻ ടീം അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടപ്പോൾ, യുവ ഇന്ത്യൻ സംഘം ഗംഭീര ജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യയുടെ U19 ടീം, ലഫ്ബറോയിൽ നടന്ന ടൂർ മത്സരത്തിൽ ഇംഗ്ലണ്ട് യംഗ് ലയൺസിനെ 231 റൺസിന് പരാജയപ്പെടുത്തുക ആയിരുന്നു. വെറും 50 ഓവറിൽ ഇന്ത്യൻ ചുണക്കുട്ടികൾ 442 റൺസ് സ്കോർ ചെയ്തു.
2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി ചില മികച്ച ഇന്നിംഗ്‌സുകൾ കളിച്ച ശേഷം അടുത്തിടെ ശ്രദ്ധ പിടിച്ചുപറ്റിയ മുംബൈയിൽ നിന്നുള്ള ഒരു യുവ ബാറ്റ്‌സ്മാൻ ആയുഷ് മാത്രെയാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. ആയുഷിനെ കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിലെ മറ്റൊരു സൂപ്പർ താരം വൈഭവ് സൂര്യവൻഷിയും ടീമിന്റെ ഭാഗമായിരുന്നു.
ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത് യുവരാജ് സിങിനെ ഏറെ ആരാധിക്കുന്ന ഹർവൻഷ് പങ്കാലിയാണ്. അദ്ദേഹം തന്നെയാണ് ടീമിന്റെ ടോപ് സ്കോറർ. വെറും 52 പന്തിൽ നിന്ന് 103 റൺസ് നേടിയ അദ്ദേഹം പുറത്താകാതെ നിന്നു. ഹർവൻഷ് പങ്കാലിയയുടെ ഇന്നിംഗ്സിൽ 8 ഫോറുകളും 9 സിക്സറുകളും ഉൾപ്പെട്ടു. താരത്തെ കൂടാതെ രാഹുൽ കുമാർ 60 പന്തിൽ നിന്ന് 73 റൺസും കനിഷ്ക് ചൗഹാൻ 67 പന്തിൽ നിന്ന് 79 റൺസും നേടി. ഇതിനുപുറമെ, അണ്ടർ 19 ടീമിനായി ആർ.എസ്. അംബരീഷ് 47 പന്തിൽ നിന്ന് 72 റൺസ് സംഭാവന ചെയ്തുകൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ചു. 251 – 7 എന്ന നിലയിൽ നിന്നാണ് ഇന്ത്യ കൂറ്റൻ സ്‌കോറിൽ എത്തിയത്.
ഹർവൻഷ് സിംഗ് പങ്കലിയ ആരാണ്?
താരത്തിന്റെ പിതാവ് ദമൻദീപ് സിംഗ് കാനഡയിൽ ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്യുന്നു . മകന്റെ ക്രിക്കറ്റിലെ താത്പര്യം മനസിലാക്കിയ പിതാവ് കുടുംബത്തെ ഒന്നടങ്കം കാനഡയിൽ എത്തിക്കാൻ ആഗ്രഹിച്ചു. കാനഡയുടെ ക്രിക്കറ്റ് ടീമിൽ താരത്തെ എത്തിക്കുക എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
എന്നാൽ ഇത് സംബന്ധിച്ച് താരത്തിന്റെ പിതാവ് പറഞ്ഞത് ഇങ്ങനെ
“എന്റെ കുടുംബം( ജ്യേഷ്ഠൻ അടക്കം) മുഴുവൻ അവിടെ താമസിക്കുന്നതിനാൽ, നമ്മളെല്ലാവരും ഒരുമിച്ച് ജീവിക്കണമെന്നും ഐക്യത്തോടെയിരിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. പക്ഷേ ഹർവൻഷ് ഉറച്ചുനിന്നു. അവൻ ഇന്ത്യയെ മാത്രമേ പ്രതിനിധീകരിക്കാൻ ആഗ്രഹിച്ചിരുന്നുള്ളൂ. അവൻ എന്നോട് പറയുകയായിരുന്നു, ഞാൻ ഇവിടെ പോരാടും. എനിക്ക് ഏറ്റവും മികച്ചവരുടെ ഇടയിൽ കളിക്കണം എന്നൊക്കെ”
” മകന്റെ ആഗ്രഹം ശക്തം ആണെന്ന് എനിക്ക് മനസിലായി. അതിനാൽ തന്നെ ഞാൻ അവനെ പിന്തുണച്ചു. അവൻ നന്നായി അദ്ധ്വാനിക്കുന്നു എന്ന് എനിക്ക് മനസിലായി. ഇടയ്ക്കിടെ കാനഡയിലും ഇന്ത്യയിലുമായി അങ്ങോട്ടും ഇങ്ങോട്ടും വന്നും പോയും ഇരിക്കണം എന്നതാണ് ആകെ ഉൽ പ്രശ്‌നം. കാരണം അവൻ കളത്തിൽ ഇറങ്ങുമ്പോൾ ഞാൻ കൂടെ ഉണ്ടാകണം എന്ന് അവന് ആഗ്രഹമുണ്ട്. യാത്രക്ക് ഒരുപാട് പണം ആവശ്യമായതിനാൽ ഞാൻ അവനായി കൂടുതൽ അധ്വാനിക്കണം. അവധികൾ പോലും എടുക്കാതെ.”
എന്തായാലും മകന്റെ ആഗ്രഹത്തിനായി കഷ്ടപ്പെടുന്ന ആ പിതാവ് ഇപ്പോൾ സന്തോഷിക്കും എന്ന് ഉറപ്പാണ്.
Discussion about this post