2024 ലെ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഓവറിൽ സൂര്യകുമാർ യാദവ് പിടിച്ച അതിശയകരമായ ബൗണ്ടറി ലൈൻ ക്യാച്ചിനെക്കുറിച്ച് തനിക്ക് ഉറപ്പില്ലായിരുന്നു എന്ന് ഇന്ത്യൻ ഏകദിന നായകൻ രോഹിത് ശർമ്മ സമ്മതിച്ചു. ക്യാച്ച് ശരിയായിട്ട് ആണോ എടുത്തത് എന്ന് അമ്പയർമാർ പരിശോധിക്കുമ്പോൾ, സൂര്യകുമാർ ശരിയായിട്ട് തന്നെ ആണോ അത് എടുത്തത് എന്ന് താൻ അദ്ദേഹത്തോട് തന്നെ ചോദിച്ചു എന്നും രോഹിത് പറഞ്ഞു.
ഫൈനലിലെ അവസാന ഓവറിലെ ആദ്യ പന്തിലായിരുന്നു സൂര്യയുടെ തകർപ്പൻ ക്യാച്ച്. ആറു പന്തിൽ 16 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഹർദിക് പാണ്ഡ്യ എറിഞ്ഞ ഫുൾടോസ് പന്ത് മില്ലർ അടിച്ചകറ്റി. പന്ത് സിക്‌സറായി എന്നുതന്നെ എല്ലാവരും കരുതി. എന്നാൽ ലോങ് ഓൺ ബൗണ്ടറിയിൽ ഓടിയെത്തിയ സൂര്യ അവിശ്വസനിയമാം വിധം പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.
പന്ത് പിടിക്കുമ്പോൾ സൂര്യയുടെ കാൽ ബൗണ്ടറി തട്ടിയോ എന്ന നീണ്ട പരിശോധനകൾക്ക് ഒടുവിൽ അത് ശരിയായ ക്യാച്ച് ആണെന്ന വിധി തേഡ് അംപയർ പറഞ്ഞു. അത് തന്നെ ആയിരുന്നു മത്സരത്തിലെ ട്വിസ്റ്റും. എന്തായാലും ആ വിക്കറ്റിന് ശേഷം നന്നായി പന്തെറിഞ്ഞ ഹാർദിക് 7 റൺസിന്റെ ആവേശ ജയമാണ് ഇന്ത്യക്ക് സമ്മാനിച്ചത്.
“എല്ലാവരുടെയും മുഖത്ത് സമ്മർദ്ദം പ്രകടമായിരുന്നു. അത് ഒരു സിക്സറാണെന്ന് ഞാൻ കരുതി, ഞാൻ സൂര്യയുടെ എതിർവശത്ത് നിൽക്കുകയായിരുന്നു. ക്യാച്ച് എടുക്കാൻ ഒരുപാട് പരിശ്രമിക്കേണ്ടി വന്നു. അമ്പയർമാർ ക്യാച്ച് പരിശോധിക്കുമ്പോൾ ഞാൻ സൂര്യയോട് നീ ശരിയായി തന്നെ ക്യാച്ച് എടുത്തില്ലേ എന്ന് ചോദിച്ചു.”
2024 ലെ ടി20 ലോകകപ്പ് വിജയം, ഇന്ത്യയെ 10 വർഷത്തിലേറെയായി ഐസിസി കിരീട വരൾച്ച മറികടക്കാൻ സഹായിച്ചു.
Discussion about this post