പാകിസ്താനിലെ വസീറിസ്താനിലുണ്ടായ ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്താന്റെ വാദം തള്ളി വിദേശകാര്യമന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്.
ജൂൺ 28-ന് പാകിസ്താനിലെ വസീറിസ്ഥാനിൽ നടന്ന ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന തരത്തിലുള്ള പാകിസ്താന്റെ ഔദ്യോഗിക പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു’, രൺധീർ ജയസ്വാൾ എക്‌സിൽ കുറിച്ചു.
വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ വടക്കൻ വസീറിസ്താൻ ജില്ലയിലാണ് ചാവേർ ആക്രമണമുണ്ടായത്. ആക്രമണത്തിൽ 13 പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
സംഭവത്തിൽ 10 സൈനികർക്കും 19 സാധാരണക്കാർക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം, ചാവേർ ആക്രമണം നടത്തിയത് ഫിറ്റ്ന-അൽ-ഖവാരിജയാണെന്ന് പാകിസ്താൻ സായുധ സേനയുടെ മീഡിയ പബ്ലിക് റിലേഷൻസ് വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസിൻറെ പ്രസ്താവനയിൽ പറയുന്നു.
Discussion about this post