മണ്ണൂത്തി നെല്ലങ്കരയിൽ പോലീസ് സംഘത്തിന് നേരെ ഗുണ്ടകകൾ നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് സിറ്റി പോലീസ് കമ്മീഷണർ. ഗുണ്ടകൾ ഗുണ്ടകളെപ്പോലെ പെരുമാറിയപ്പോൾ പോലീസ് പോലീസിനെപ്പോലെ പെരുമാറിയെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.വടിവാളും കമ്പിവടികളുമായി പോലീസിനെ ആക്രമിച്ച പ്രതികൾ മൂന്ന് പോലീസ് വാഹനങ്ങളും അടിച്ചു തകർത്തിരുന്നു.നാല് പോലീസുകാർക്ക് ഗുരുതര പരിക്കേറ്റിരുന്നു.സംഭവത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ആറംഗ ഗുണ്ടാ സംഘത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
മണ്ണൂത്തി നല്ലങ്കര വൈലോപ്പള്ളി നഗറിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. വൈലോപ്പള്ളി നഗറിലെ താമസക്കാരും സഹോദരങ്ങളും ലഹരി മരുന്ന് കേസുകളിലെ പ്രതികളുമായ അൽത്താഫ് ജമാലും അഹദ് ജമാലുമാണ് സുഹൃത്തുക്കളായ ഗുണ്ടാ സംഘത്തിനായി ലഹരി പാർട്ടി ഒരുക്കിയത്. അഹദിന്റെ ബെർത്ത് ഡേയോട് അനുബന്ധിച്ച് 15 ലേറെ ആളുകളെയാണ് പ്രദേശത്തേക്ക് വിളിച്ചു വരുത്തിയത്. എന്നാൽ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനെയും ലഹരി ഉപയോഗിക്കുന്നതിനെയും അൽത്താഫിന്റെയും അഹദിന്റെയും മാതാവ് വിലക്കി. ഇതോടെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ വച്ച് ലഹരിയും മദ്യവും ഉപയോഗിച്ച യുവാക്കൾ തമ്മിൽ വാക്കു തർക്കവും കൈയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു.
സംഘർഷത്തിന് ശേഷം വീട്ടിലെത്തിയ അഹദിനെയും അൽത്താഫിനെയും മതാവ് ശകാരിച്ചു. ഇതോടെ ഇവർക്കു നേരെയായി ഇരുവരുടെയും പരാക്രമം. സംഭവത്തിന് പിന്നാലെ ഈ സ്ത്രീ പോലീസിനെ വിവരം അറിയിച്ചു. കൺട്രോൾ റൂമിൽ നിന്നും പോലീസ് എത്തിയതോടെ പോലീസിന് നേരെയായി അതിക്രമം. കൂടുതൽ പോലീസുകാർ എത്തിയതോടുകൂടി വടിവാളും കമ്പി വടികളും ഉപയോഗിച്ച് ഇവർ ഉദ്യോഗസ്ഥരെ ആക്രമിച്ചു.
Discussion about this post