സഞ്ജു സാംസണിന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വീണ്ടും വാർത്തകളിൽ നിറയുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ (ആർസിബി) പ്രവർത്തിച്ചിരുന്ന മുൻ അനലിസ്റ്റ് പ്രസന്ന പുറത്തുവിട്ട അപ്ഡേറ്റ് പ്രകാരം താരം ചെന്നൈ സൂപ്പർ കിങ്സിൽ എത്താനുള്ള സാധ്യതകൾ കൂടുതൽ ആണ് എന്നതായിരുന്നു. എക്സിലാണ് അദ്ദേഹം ആരാധകർ കാത്തിരുന്ന ഏറ്റവും പുതിയ സഞ്ജു സാംസൺ അപ്ഡേറ്റ് നൽകിയത്.
അടുത്ത സീസണിന് മുമ്പ് ഒരു ഇന്ത്യൻ ഓഫ് സ്പിന്നറും ഒരു വലംകൈ മിഡിൽ ഓർഡർ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജുവിന് വേണ്ടി ട്രേഡ് ചെയ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പേരുകളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, രാജസ്ഥാൻ റോയൽസിലേക്ക് (ആർആർ) രവിചന്ദ്രൻ അശ്വിനും ശിവം ദുബെയും പോകുമെന്നും പകരം സഞ്ജു ചെന്നൈയിൽ എത്തും എന്നുമാണ് റിപ്പോർട്ടുകൾ.
എന്തായാലും തങ്ങൾ സഞ്ജുവിനെ നോട്ടമിടുന്നുണ്ടോ എന്ന ചോദ്യത്തിന് ചെന്നൈ സൂപ്പർ കിങ്സിന്റെ ഒരു ഒഫീഷ്യൽ നൽകിയ ഉത്തരം ഇങ്ങനെ:
“സഞ്ജു സാംസണെ ഞങ്ങൾ പരിഗണിക്കുന്നുണ്ട്. അദ്ദേഹം ഒരു മിടുക്കനായ താരമാണ്. ഓപ്പണറായി ഇറങ്ങാനും വിക്കറ്റ് കീപ്പിങ് ഗ്ലൗസ് അണിയാനും സാധിക്കും. അദ്ദേഹം ലഭ്യമാണെങ്കിൽ, അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ഉൾപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കും. ട്രേഡ് പ്രക്രിയയെക്കുറിച്ച് ഞങ്ങൾ ഇതുവരെ ചർച്ച ചെയ്തിട്ടില്ല, പക്ഷേ കളിക്കാരനിൽ ഞങ്ങൾക്ക് താൽപ്പര്യമുണ്ട്,”
സ്പിന്നർമാരെ നന്നായി അറ്റാക്ക് ചെയ്ത് കളിക്കുന്ന ശിവം ദുബൈ പോലെ ഒരു താരത്തെയും സീനിയർ താരവും മികച്ച ഓൾ റൗണ്ടറുമായ അശ്വിനെയും കിട്ടിയാൽ സഞ്ജുവിനെ വിടുന്നത് വഴി രാജസ്ഥാനും നഷ്ടം ഉണ്ടാകില്ല. അങ്ങനെ വന്നാൽ സഞ്ജു ഒരുപക്ഷെ സാക്ഷാൽ ധോണിക്കൊപ്പം ഇറങ്ങുന്ന കാഴ്ചയും നമുക്ക് കാണാൻ സാധിക്കും.
Discussion about this post