ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ശുഭ്മാൻ ഗില്ലിന്റെ മികച്ച സെഞ്ച്വറി പ്രകടനത്തെ അഭിനനന്ദിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ഗിൽ തന്റെ സമീപനത്തിൽ പ്രകടമായ പുരോഗതി കാണിച്ചിട്ടുണ്ടെന്നും ഹാർഡ് ഹാൻഡ് ശൈലിയിൽ കളിക്കുന്നത് ഒഴിവാക്കിയത് കരിയറിൽ ഗുണം ചെയ്‌തു എന്നും പറഞ്ഞിരിക്കുകയാണ്.
25 കാരനായ ഗിൽ ക്യാപ്റ്റനെന്ന നിലയിൽ ഇന്നലെ പരമ്പരയിലെ തന്റെ രണ്ടാം സെഞ്ച്വറി നേടി, ബർമിംഗ്ഹാമിൽ നടന്ന പോരിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യക്കായി 79-ാം ഓവറിൽ ജോ റൂട്ടിന്റെ ബൗളിംഗിൽ ഒരു സ്വീപ്പ് ഷോട്ടിലൂടെ ബൗണ്ടറി നേടിയാണ് സെഞ്ച്വറി നേട്ടത്തിൽ എത്തിയത്. കളിയുടെ ഒരു ഘട്ടത്തിൽ തകർച്ച നേരിട്ട ഇന്ത്യക്കായി ഗിൽ 114 റൺസുമായി പുറത്താകാതെ നിൽക്കുകയും അത് വഴി 300 റൺ കടക്കാൻ ഇന്ത്യയെ സഹായിക്കുകയും ചെയ്‌തു.
തെറ്റുകൾ അധികമൊന്നും വരുത്താതെ ഇന്നിംഗ്‌സിനെ മുമ്പോട്ട് കൊണ്ടുപോയ ഗില്ലിനെ അഭിനന്ദിച്ച് ശാസ്ത്രി ഇങ്ങനെ പറഞ്ഞു:
“ഗില്ലിന്റെ പ്രകടനം മികച്ചതായിരുന്നു. അച്ചടക്കമുള്ളതായിരുന്നു. അദ്ദേഹത്തെ പുറത്താക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പ്രതിരോധത്തിൽ അദ്ദേഹം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അവസാനമായി ഇംഗ്ലണ്ടിൽ എത്തിയപ്പോൾ, അദ്ദേഹം ഹാർഡ് ഹാൻഡ് ശൈലിയിലാണ് കളിച്ചത്. അത് അന്ന് ഗുണം ചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ ടോപ് ഹാൻഡ് അവന്റെ നിയന്ത്രണത്തിലാണ്. എന്ത് ഷോട്ട് കളിക്കണം എന്ന ധാരണ ഇപ്പോൾ അവനുണ്ട്. പ്രതിരോധത്തിൽ അവൻ വിശ്വസിക്കുന്നു. ആക്രമണത്തിന് ഇറങ്ങുമ്പോൾ ആക്റ്റ് എല്ലാ ഷോട്ടുകളും അവന്റെ പുസ്തകത്തിൽ ഉണ്ട്.”
ഗിൽ, യശസ്വി ജയ്‌സ്വാളുമായി (87) 66 ഉം ഋഷഭ് പന്തുമായി (25) 47 ഉം പ്രധാന കൂട്ടുകെട്ടുകൾ പങ്കിട്ടു. രവീന്ദ്ര ജഡേജയുമായി (41*) കൂട്ടിച്ചേർത്ത 99 റൺസിന്റെ കൂട്ടുകെട്ട് ആണ് ഒരു ഘട്ടത്തിൽ 211/5 എന്ന നിലയിൽ നിന്ന ഇന്ത്യരെ 310/5 എന്ന നിലയിൽ എത്തിച്ചത്.
Discussion about this post