സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 345 പേർ ഉണ്ടെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി വീണാ ജോർജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവർത്തകരാണെന്നും മന്ത്രി അറിയിച്ചു
രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ കഴിഞ്ഞ ദിവസമാണ് നിപ ബാധിച്ച് ഒരാൾ മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജൂലൈ ഒന്നിന് മരണപ്പെട്ട മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്കാണ് മെഡിക്കൽ കോളജിലെ ലെവൽ ടു വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചത്. പുണെയിലെ ലെവൽ 3 വൈറോളജി ലാബിലെ പരിശോധനയ്ക്കു ശേഷമേ ഔദ്യോഗിക സ്ഥിരീകരണമാവുകയുള്ളൂ. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38 വയസ്സുകാരിക്കും നിപ സ്ഥിരീകരിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗി മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്.
പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവർക്കാണ് നിപ സംശയിച്ചത്. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ കണ്ടെത്തിയതിനെ തുടർന്ന് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരണത്തിനായി അയച്ച സാമ്പിളുകളിൽ പാലക്കാട് ചികിത്സയിലുള്ളയാൾ പോസിറ്റീവായി.
ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ മേയിൽ മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ 42 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. തുടർച്ചയായ ചികിത്സകൾക്കൊടുവിൽ രോഗി നിപ വൈറസ് നെഗറ്റീവ് ആയെങ്കിലും ഇപ്പോഴും അബോധാവസ്ഥയിൽ തന്നെ തുടരുകയാണ്.
Discussion about this post