ഇംഗ്ലണ്ട്- ഇന്ത്യ ആദ്യ ടെസ്റ്റ് അവസാനിച്ചതിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനം കേട്ട താരങ്ങളിൽ പ്രധാനി ആയിരുന്നു, മുഹമ്മദ് സിറാജ്. സീനിയർ താരം ആയിരുന്നിട്ടും ജസ്പ്രീത് ബുംറക്ക് വേണ്ട പിന്തുണ കൊടുക്കണോ ഇംഗ്ലണ്ടിന് മേൽ സമ്മർദ്ദം സൃഷ്ടിക്കാനോ സാധികാത്ത സിറാജ് ട്രോളുകളിൽ നിറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ഉള്ള നിലവാരം, ഡിഎസ്പി ആയി ഇനിയുള്ള കാലം ഇരിക്കുക, തുടങ്ങിയുള്ള ട്രോളുകൾ അയാൾ കേട്ടു. ഇതിനിടയിൽ രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുംറ കളിക്കാത്ത സാഹചര്യത്തിൽ ഇയാൾ എങ്ങനെ ഇന്ത്യൻ ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും എന്ന ചോദ്യങ്ങളും ഉയർന്നു.
എന്നാൽ ഇതിലും വലിയ പ്രതിസന്ധിയിൽ തളരാതെ തിരിച്ചുവന്ന സിറാജിന് മറുതന്ത്രം ഉണ്ടായിരുന്നു. തനിക്ക് പറ്റിയ അബദ്ധങ്ങളും മണ്ടത്തരങ്ങളും ഒഴിവാക്കി നല്ല ആത്മവിശ്വാസത്തിൽ രണ്ടാം ടെസ്റ്റിന് ഇറങ്ങിയ സിറാജ് താൻ ആരാണ്, തന്റെ റേഞ്ച് എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. നല്ല ബാറ്റിംഗ് ട്രാക്കിൽ ബോളർമാർ നല്ല കഠിനാദ്ധ്വാനം ചെയ്യേണ്ട സ്ഥലത്ത് സിറാജ് തന്റെ മികവ് കാണിച്ച് ആദ്യ ഇന്നിങ്സിൽ നേടിയത് 6 വിക്കറ്റുകളാണ്. കൂടാതെ രണ്ടാം ഇന്നിങ്സിലെ ഒരു വിക്കറ്റും കൂടി ചേർത്ത് 7 വിക്കറ്റുകൾ ഒരു ടെസ്റ്റിൽ നേടിയ സിറാജ് മികവ് കാണിച്ചു.
സിറാജ് തകർപ്പനായിട്ട് പന്തെറിയുമ്പോൾ സുനിൽ ഗാവസ്‌കർ താരത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായം ഇങ്ങനെ-” അവനെ പോലെ ഒരു താരത്തെ ആരാണ് ഡ്രസിങ് റൂമിൽ ആഗ്രഹിക്കാത്തത്. ടീമിനായി തന്റെ 100 % അവൻ ഇപ്പോഴും നൽകും”
മുൻ താരം പറഞ്ഞത് പോലെ ഇന്ത്യൻ ഡ്രസിങ് റൂമിൽ ശരിക്കും ഒരു അനുഗ്രഹമാണ് സിറാജ്. കാരണം ഇപ്പോഴും ടീമിനായി തന്റെ എല്ലാം നൽകാനും ജയിക്കാനും തീവ്രമായി ആഗ്രഹമുള്ള താരമാണ് സിറാജ്. മറ്റുള്ള താരങ്ങൾ ടീം മോശം അവസ്ഥയിൽ നിൽക്കുമ്പോൾ തളരുമെങ്കിലും സിറാജ് അവിടെയും പ്രതീക്ഷ വിടില്ല.
എന്തായാലും ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇതുവരെ ഒരു ടെസ്റ്റ് പോലും ജയിക്കാത്ത ഇന്ത്യ, ചരിത്രം സൃഷ്ടിച്ച് 336 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 608 റൺ പിന്തുടർന്ന ഇംഗ്ലണ്ട് 271 റൺസിന് പുറത്തായി.
Discussion about this post