ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇതുവരെ ഒരു ടെസ്റ്റ് പോലും ജയിക്കാത്ത ആ നാണക്കേട് ഇന്ത്യ അങ്ങോട്ട് തീർത്തു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 608 റൺ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 271 റൺസിന് പുറത്തായി. രണ്ട് ഇന്നിങ്‌സിലുമായി 430 റൺ നേടിയ ഇന്ത്യൻ നായകൻ ഗിൽ ആണ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്.
എന്തായാലും ആദ്യ ടെസ്റ്റിൽ തോറ്റപ്പോൾ ഗില്ലിനെ കളിയാക്കിയ ആളുകൾ രണ്ടാം ടെസ്റ്റിലെ ജയത്തിന് പിന്നാലെ താരത്തെ പ്രശംസകൊണ്ട് മൂടുകയാണ്. മത്സരശേഷം സംസാരിക്കുമ്പോൾ, ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ കാര്യങ്ങൾ എല്ലാം തങ്ങൾക്ക് അനുകൂലം ആയപ്പോൾ തനിക്ക് ഭയങ്കര സന്തോഷം തോന്നിയെന്ന് പറഞ്ഞ ഗിൽ ഇത്രയും പ്രതീക്ഷിച്ചല്ല എന്നും പറഞ്ഞു. ആദ്യ ഇന്നിംഗ്‌സിലെ സ്‌കോർ ആവശ്യത്തിലധികം ഉണ്ടായിരുന്നതിനാൽ ഹെഡിംഗ്‌ലി( ആദ്യ ടെസ്റ്റ് നടന്ന വേദി) പോലുള്ള ഒരു ചെയ്‌സ് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗിൽ പറഞ്ഞു.
“കഴിഞ്ഞ മത്സരത്തിനു ശേഷം ഞങ്ങൾ ടീം മീറ്റിംഗിൽ സംസാരിച്ച എല്ലാ കാര്യങ്ങളിലും ഞങ്ങൾ കൃത്യത പുലർത്തി. ഞങ്ങളുടെ ബൗളിംഗിലും ഫീൽഡിംഗിലും ഞങ്ങൾ തിരിച്ചുവന്ന രീതി ശരിക്കും അതിശയകരമായിരുന്നു എന്ന് ഞാൻ പറയുന്നു. ഇത്തരത്തിലുള്ള വിക്കറ്റിൽ 400-500 റൺസ് നേടിയാൽ മതിയാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എല്ലാ മത്സരങ്ങളും ഹെഡിംഗ്ലി പോലെയാകില്ല.”
ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലും ടീം ഇന്ത്യ നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തി, ഇത് അഞ്ച് വിക്കറ്റ് ശേഷിക്കെ 371 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇംഗ്ലണ്ടിനെ സഹായിച്ചു. എന്നിരുന്നാൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഫീൽഡിങ്ങിൽ ഒരുപാട് മെച്ചപ്പെട്ടു.
Discussion about this post