2018 ഓഗസ്റ്റിൽ തന്റെ അവസാന റെഡ്-ബോൾ മത്സരത്തെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ച മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക് പരിശീലകൻ രവി ശാസ്ത്രിയെ പരിഹസിച്ചു. വൃദ്ധിമാൻ സാഹയുടെ പരിക്കിനെത്തുടർന്ന്, 2018 ജൂണിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെ എട്ട് വർഷത്തിന് ശേഷം ആണ് കാർത്തിക് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവന്നത്.
ശേഷം അഞ്ച് ടെസ്റ്റ് കളിക്കാൻ ഇംഗ്ലണ്ട് പര്യടനം നടത്തിയ ടീം ഇന്ത്യയുടെ ഭാഗമായിരുന്നു അദ്ദേഹം. ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യയുടെ 11 അംഗ ടീമിൽ ഇടം നേടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു, പക്ഷേ താരത്തിന് ബാറ്റ് കൊണ്ട് സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിലെ പരാജയം കൂടിയായതോടെ, ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ ഒഴിവാക്കി. പരമ്പരയിലെ ശേഷിക്കുന്ന മത്സരത്തിൽ പ്ലെയിംഗ് ഇലവനിൽ ഋഷഭ് പന്തിനെ ടീം ഉൾപ്പെടുത്തി.
പന്ത് ഈ അവസരം നന്നായി മുതലെടുത്തി. അതിനുശേഷം അദ്ദേഹം ടീമിലെ ഒരു പ്രധാന അംഗമായി. എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ നേടിയ വൻ വിജയത്തിന് ശേഷം സ്കൈ സ്പോർട്സ് പോഡ്‌കാസ്റ്റിൽ പ്രത്യക്ഷപ്പെട്ട കാർത്തിക്, ശാസ്ത്രി കൂടി ഇരുന്നപ്പോൾ ആണ് പരിഹാസം നടത്തിയത്. 2018 ലെ ലോർഡ്‌സ് ടെസ്റ്റിലെ മോശം പ്രകടനത്തിന് ശേഷം തന്റെ റെഡ്-ബോൾ കരിയർ തൽക്ഷണം അവസാനിച്ച സംഭവം അദ്ദേഹം ഇങ്ങനെ പറഞ്ഞു :
“ആദ്യത്തേത്, എനിക്കും നാസർ ഹുസൈനും ഇടയിൽ വലിയ സാമ്യമൊന്നുമില്ലെന്ന് എനിക്ക് തോന്നുന്നു, അത് അങ്ങനെ തന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, ഞങ്ങൾ രണ്ടുപേരും ലോർഡ്‌സിൽ ഫിനിഷ് ചെയ്തു. പക്ഷേ ഒരേയൊരു വ്യത്യാസം, അദ്ദേഹം പരിശീലകന്റെ മുറിയിൽ പോയി പറഞ്ഞു, ‘ഞാൻ ലോർഡ്‌സ് ടെസ്റ്റ് കൂടി കഴിഞ്ഞാൽ കരിയർ അവസാനിപ്പിക്കുന്ന’ എന്റെ കാര്യത്തിൽ, പരിശീലകൻ എന്റെ അടുത്ത് വന്ന് പറഞ്ഞു, ‘അടുത്ത ടെസ്റ്റിന് നീ ഉണ്ടാകില്ല’” കാർത്തിക് അഭിപ്രായപ്പെട്ടു.
2004 നവംബറിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെയാണ് ദിനേശ് കാർത്തിക് തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. അന്താരാഷ്ട്ര കരിയറിൽ 26 ടെസ്റ്റുകൾ കളിച്ച അദ്ദേഹം 42 ഇന്നിംഗ്സുകളിൽ നിന്ന് 25.00 ശരാശരിയിൽ ഒരു സെഞ്ച്വറിയും ഏഴ് അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 1025 റൺസ് നേടി. 2007 ൽ ബംഗ്ലാദേശിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഏക ടെസ്റ്റ് സെഞ്ച്വറി.
Discussion about this post