“അതുവരെ ക്രിക്കറ്റ് ലോകത്തിന് അത്രയൊന്നും സുപരിചതമല്ലാത്ത ഒരു തന്ത്രം, എതിരാളികൾക്ക് ചിന്തിക്കാൻ ഒരു അവസരം നൽകുന്നതിന് മുമ്പുതന്നെ അത് നടപ്പാക്കിയിരിക്കണം” 1996 ലോകകപ്പ് ടൂർണമെന്റിന് പുറപെടുതിന് മുമ്പ് ശ്രീലങ്കൻ ടീമിന്റെ പരിശീലകൻ ആയിരുന്ന ഡേവ് വാട്ട്മോറും നായകൻ അർജുന രണതുങ്കയും കൂടി തങ്ങളുടെ ചർച്ചകളിൽ മുഴുവൻ ഇത് സംബന്ധിച്ച പ്ലാനുകൾ തയാറാക്കുന്നതിൽ മുഴുകിയിരുന്നു. തങ്ങളെ എഴുതി തള്ളി, തങ്ങളെ പുച്ഛിച്ച ടീമുകളുടെ മുന്നിൽ ജയിച്ചുകയറണമെങ്കിൽ എന്തെങ്കിലും വ്യത്യസ്തമായത് അണിയറയിൽ ഒരുക്കണം ആയിരുന്നു . സിംഹളവീര്യമൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നം അല്ല എന്ന ഓസ്‌ട്രേലിയൻ അഹങ്കാരത്തിനും, ഇന്ത്യ ഉൾപ്പടെ ഉള്ള രാജ്യങ്ങൾ കാലാകാലങ്ങളിൽ ഏൽപ്പിച്ച മുറിവും ഉള്ള മറുപണിയായി അവർ ഒരു തന്ത്രം ഒരുക്കി, അന്നുവരെ ക്രിക്കറ്റ് ലോകം കണ്ടിട്ടും വിചാരിച്ചിട്ടും പോലും ഇല്ലാത്ത ആക്രമണത്തിന്റെ ഏറ്റവും വലിയ മൂർത്തിഭാവം കാണിച്ചുകൊടുക്കുന്ന വ്യത്യസ്തത രീതിയിൽ ഉള്ള ബാറ്റിംഗ് വിരുന്ന്.
അന്ന് മാസങ്ങൾ നീണ്ട തയാറെടുപ്പിന് ഒടുവിൽ ശ്രീലങ്കൻ ക്യാമ്പിൽ നിന്ന് ഉരുത്തിരിഞ്ഞ തന്ത്രമാണ് ഓപ്പണറുമാരായ സനത് ജയസൂര്യയും റൊമേഷ് കലുവിതാരണയും ഓരോ ഇന്നിംഗ്സിന്റെയും ആദ്യ 15 ഓവറുകളിൽ ഫീൽഡിംഗ് നിയന്ത്രണങ്ങൾ പരമാധി പ്രയോജനപ്പെടുത്തി എതിരാളികളെ മാനസികമായി തളർത്തുന്നു. ആദ്യ 15 ഓവറിൽ 50 അല്ലെങ്കിൽ 60 റൺസ് മതിയെന്ന് ടീമുകൾ കരുതിയ സമയത്ത്, ശ്രീലങ്ക ആ ഓവറുകളിൽ ഇന്ത്യക്കെതിരെ 117 റൺസും കെനിയക്കെതിരെ 123 റൺസും ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 121 റൺസും സെമി ഫൈനലിൽ ഇന്ത്യക്കെതിരെ 86 റൺസും നേടി. ഇവന്മാർ എന്തിനാ ഞങ്ങളെ ഇങ്ങനെ തല്ലുന്നത് എന്ന് ബോളറുമാരെ കൊണ്ട് ഉള്ളിൽ പറയിക്കുന്ന രീതിയിൽ അവരെ മാനസികമായി തളർത്തി മുന്നേറിയപ്പോൾ ശ്രീലങ്ക അന്നുവരെ ലോകം കണ്ടിട്ടില്ലാത്ത ഇന്ന് എല്ലാവര്ക്കും പരിചിതമായ ടി 20 യിലെ പോലെ ഉള്ള ആക്രമണ ക്രിക്കറ്റ് കളിച്ചു.
ശ്രീലങ്ക, ഇന്ത്യ, പാകിസ്ഥാന് എന്നിവിടങ്ങളിൽ നടന്ന ലോകകപ്പിലെ രണ്ട് മത്സരങ്ങൾ ആയിരുന്നു ലങ്കയിൽ ക്രമീകരിച്ചത്. എന്നാൽ സെക്യൂരിറ്റി പ്രശ്നങ്ങൾ കാരണം ലങ്കയോട് ഏറ്റുമുട്ടേണ്ട ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ് ടീമുകൾ പിന്മാറിയതോടെ ലങ്കയ്ക്ക് വാക് ഓവർ കിട്ടി. ഗ്രുപ്പിലെ ബാക്കി ടീമിനെ എല്ലാം പൂർണ ആധിപത്യത്തിൽ തോൽപ്പിച്ച ലങ്ക അടുത്ത റൗണ്ടിലെത്തി. ലങ്കയുടെ ഈ ആക്രമണ തന്ത്രത്തെ എങ്ങനെ മറികടക്കും എന്ന് ബാക്കി ടീമുകൾ ചിന്തിക്കുന്ന സമയത്ത് ടൂർണമെന്റ് അതിന്റെ ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ എത്തി. അവിടെ ഇംഗ്ലണ്ടിനെയും സെമിയിൽ വിവാദങ്ങൾ കലർന്ന മത്സരത്തിൽ ഇന്ത്യയെയും തകർത്തെറിഞ്ഞ് ലങ്ക ഫൈനലിൽ എത്തി. അവിടെ കാത്തിരുന്നത് ഓസ്‌ട്രേലിയൻ വെല്ലുവിളി ആയിരുന്നു.
ഓസ്‌ട്രേലിക്കാർ കൈമുതലാക്കിയ സ്ലെഡ്ജിങ്ങും, മത്സരത്തിന് മുമ്പേ എതിരാളികളെ തളർത്തുന്ന വെല്ലുവിളി തന്ത്രവും ഇത്തവണ ഓസ്‌ട്രേലിയക്ക് ലങ്ക തിരിച്ചുകൊടുത്തു. ഓസ്‌ട്രേലിയയുടെ സൂപ്പർ താരങ്ങളായ സ്റ്റീവ് വോ, ഷെയ്ൻ വോൺ തുടങ്ങിയവരെ രണതുങ്ക ഓവർ റേറ്റഡ് എന്നൊക്കെ വിളിച്ചു. ഓസ്‌ട്രേലിയൻ താരങ്ങൾ ഫൈനലിന് മുമ്പ് തന്നെ ലങ്കയെ ഭയപ്പെട്ടു. ഒരുപക്ഷെ അവരുടെ ക്രിക്കറ്റ് ചരിത്രത്തിലധിമായിട്ട് ആയിരിക്കും അവർ മറ്റൊരു ടീമിനെ പേടിക്കുന്നത്. ഫൈനലിൽ ഏകപക്ഷീയമായി തന്നെ ലങ്ക ജയം സ്വന്തമാക്കി. 7 വിക്കറ്റിന് ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കുമ്പോൾ അതിൽ മാസങ്ങൾ നീണ്ട തയാറെടുപ്പിന്റെ ഫലം ഉണ്ടായിരുന്നു, മുന്നിൽ നിന്ന് നയിച്ച നായകൻറെ വിയർപ്പിന്റെ അധ്വാനം ഉണ്ടായിരുന്നു.
മുന്നിൽ വരുന്നത് ഏത് കൊമ്പൻ ആയികോട്ടെ സ്വന്തം ശക്തിയിൽ വിശ്വസിച്ച് കഠിനാധ്വാനം ചെയ്ത് ഇറങ്ങിയാൽ വിജയങ്ങൾ ഒകെ താനേ വരുമെന്ന് ലങ്ക പഠിപ്പിച്ചു.
Discussion about this post