ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിൽ സൂപ്പർതാരം ഋഷഭ് പന്ത് മികച്ച ഫോമിലാണ്. ഇതുവരെയുള്ള മൂന്ന് മത്സരങ്ങളിലും പന്ത് കളിച്ചിട്ടുണ്ട്, 70.83 ശരാശരിയിൽ 425 റൺസ് നേടി തിളങ്ങി നിൽക്കുകയാണ്. ഇതുവരെ രണ്ട് സെഞ്ച്വറികളും അത്രതന്നെ അർദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. ടെസ്റ്റ് ഫോർമാറ്റിൽ ടി 20 മോഡിൽ കളിക്കുന്ന താരമാണ് ശരിക്കും ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ല് എന്ന് തന്നെ പറയാം.
ഇപ്പോഴിതാ പന്ത് എപ്പോഴും സ്വാതന്ത്ര്യം അനുഭവിക്കണമെന്ന് മുൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ കരുതുന്നു, അദ്ദേഹം കളിക്കുന്ന രീതിയിൽ ആത്മവിശ്വാസം നിലനിർത്തേണ്ടത് ടീം മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണ് എന്നും സഞ്ജയ് പറഞ്ഞു. ബാറ്റിംഗ് യൂണിറ്റ് എന്ന നിലയിൽ എതിരാളികൾക്ക് മേൽ സമ്മർദ്ദം ഉണ്ടാക്കണം എങ്കിൽ അവിടെ പന്തിനെ പോലെ ഒരു താരം വേണം എന്ന് പറഞ്ഞ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ:
“സാഹചര്യം എന്തുതന്നെയായാലും ഋഷഭ് പന്ത് സ്വന്തം രീതിയിൽ കളിക്കും. അദ്ദേഹത്തിന് ആ ലൈസൻസ് ലഭിക്കണം, കാരണം അദ്ദേഹം അത് അർഹിക്കുന്നു. ബാറ്റിംഗ് യൂണിറ്റ് നന്നായി പ്രവർത്തിക്കണം. ജായ്‌സ്വാൾ പുറത്തായ രീതിയെക്കിറിച്ച് അയാൾ പഠിക്കണം. പന്ത് ആണ് ഇന്ത്യയുടെ താരം. ഇംഗ്ലണ്ട് ഭയപ്പെടുന്ന ഒരു ബാറ്റ്‌സ്മാനാണ് അദ്ദേഹം,” നാലാം ടെസ്റ്റിന് മുന്നോടിയായി സ്റ്റാർ സ്‌പോർട്‌സിലൂടെ അദ്ദേഹം പറഞ്ഞു.
ഗില്ലിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ഗില്ലിന്റെ പങ്ക് പ്രധാനമാണ്. എന്നാൽ ലോർഡ്‌സിൽ ബാറ്റിംഗിൽ ഗില്ലിന്റെ സംഭവനയൊന്നും ഉണ്ടായില്ല. എന്നിട്ടും നമ്മൾ അവസാനം പൊരുതി. നമ്മൾ ഗില്ലിനെ പൂർണ്ണമായും ആശ്രയിക്കുന്നില്ല എന്നതിന്റെ ഒരു നല്ല ഉദാഹരണമാണിത്,” അദ്ദേഹം പറഞ്ഞു.
“അദ്ദേഹത്തിന് ഫോം നിലനിർത്താനുള്ള കഴിവുണ്ടെന്ന് എനിക്ക് തോന്നുന്നു. ഒരുപക്ഷേ ഈ ഇടവേളയിൽ ചില ആത്മപരിശോധനകൾ ഉണ്ടാകാം. സ്ലെഡ്ജിങ് ആവശ്യമായിരുന്നോ അതോ ക്യാപ്റ്റൻസിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണോ എന്ന് അദ്ദേഹം നോക്കണം. അദ്ദേഹം അങ്ങനെ ചെയ്താൽ, ഓൾഡ് ട്രാഫോർഡിൽ അദ്ദേഹത്തിന്റെ റൺ മേക്കിംഗ് മെഷീൻ വീണ്ടും പ്രവർത്തിക്കും,” മഞ്ജരേക്കർ പറഞ്ഞു.
Discussion about this post