അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ സ്പ്ലിറ്റ് ക്യാപ്റ്റൻസിയിൽ അത്ര താൽപ്പര്യമില്ലാത്ത ടീമുകളിൽ ഒന്നായിരുന്നു ഇന്ത്യ. പക്ഷേ ഒടുവിൽ ആ നിലപാടിൽ മാറ്റാം വരുത്തുക ആയിരുന്നു. ടി 20 ലോകകപ്പിന് പിന്നാലെ സൂര്യകുമാർ യാദവ് ടി20യിൽ നായകത്വം വഹിച്ചപ്പോൾ, രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും യഥാക്രമം ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയെ നയിച്ചു. 2024 ലെ ടി20 ലോകകപ്പ് വരെ, മൂന്ന് ഫോർമാറ്റുകളിലും രോഹിത് ആയിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്.
ഇപ്പോൾ ഇതാ ഹർഭജൻ സിംഗ് ഇന്ത്യയോട് സ്പ്ലിറ്റ് കോച്ചിംഗ് സ്വീകരിക്കാൻ നിർദേശിച്ചിരിക്കുന്നു. ഹർഭജന്റെ മുൻ ഇന്ത്യൻ സഹതാരം ഗൗതം ഗംഭീറാണ് ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ മുഖ്യ പരിശീലകൻ. ഇന്ത്യക്ക് ഇപ്പോൾ വ്യത്യസ്ത ഫോർമാറ്റുകൾ കളിക്കുന്ന വ്യത്യസ്ത കളിക്കാരുണ്ടെന്നും റെഡ്-ബോൾ, വൈറ്റ്-ബോൾ ഫോർമാറ്റുകൾക്കായി പ്രത്യേക പരിശീലകർ വേണമെന്നും ഹർഭജൻ പറഞ്ഞു. ഇത് ജോലിഭാരം ഗണ്യമായി കുറയ്ക്കും എന്നും മികച്ച പദ്ധതികൾ ആവിഷ്കരിക്കാൻ സഹായിക്കും.
“ഇത് നടപ്പിലാക്കാൻ കഴിയുമെങ്കിൽ അതിൽ തെറ്റൊന്നുമില്ലെന്ന് എനിക്ക് തോന്നുന്നു. നമുക്ക് പല ഫോർമാറ്റിലും വ്യത്യസ്ത കളിക്കാരാണ് ഉള്ളത്. നമുക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ, അത് ഒരു നല്ല ഓപ്ഷനാണ്. പരിശീലകർ ഉൾപ്പെടെ എല്ലാവർക്കും ഇത് ജോലിഭാരം കുറയ്ക്കും.” ഹർഭജൻ പറഞ്ഞു.
“നിങ്ങളുടെ പരിശീലകനും ഒരു പരമ്പരയ്ക്ക് തയ്യാറെടുക്കാൻ സമയം ആവശ്യമാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകൾ പോലെ, പിന്നെ ഇംഗ്ലണ്ടിൽ, പിന്നെ മറ്റെവിടെയെങ്കിലും. അതിനാൽ പരിശീലകന് തന്റെ ടീം എന്തായിരിക്കണമെന്ന് തയ്യാറാക്കാനും നിശ്ചയിക്കാനും കഴിയും. ഒരു വൈറ്റ്-ബോൾ പരിശീലകന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. തയ്യാറെടുക്കാൻ അദ്ദേഹത്തിന് സമയം ആവശ്യമാണ്,” ഹർഭജൻ കൂട്ടിച്ചേർത്തു.
2025 ലെ ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിന്റെ രണ്ടാം പതിപ്പിൽ പങ്കെടുക്കാൻ ഹർഭജൻ ഇപ്പോൾ യുകെയിലാണ്. ഇന്ത്യ ചാമ്പ്യൻസ് കിരീടം നിലാനിർത്താൻ ഇറങ്ങുമ്പോൾ യുവരാജ് സിംഗ് ആണ് ടീമിന്റെ നായകൻ.
Discussion about this post