വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിന്റെ രണ്ടാം സീസണിൽ പാകിസ്ഥാനുമായുള്ള മത്സരം വേണ്ടെന്ന് പറഞ്ഞ ഇന്ത്യൻ കളിക്കാരെ മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ അബ്ദുർ റൗഫ് ഖാൻ വിമർശിച്ചു. ജൂൺ 20 ന് എഡ്ജ്ബാസ്റ്റണിൽ നടക്കേണ്ടിയിരുന്ന മത്സരം, ഇന്ത്യൻ താരങ്ങൾ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഉപേക്ഷിച്ചു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ്, ഇർഫാൻ, യൂസഫ് പത്താൻ, ശിഖർ ധവാൻ എന്നിവർ ചിരവൈരികളായ ടീമിനെതിരെ മത്സരിക്കാൻ തയാറല്ല എന്ന് പറഞ്ഞതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചത്. എന്നിരുന്നാലും, ഇന്ത്യൻ കളിക്കാരുടെ ഇരട്ടത്താപ്പിനെതിരെ റൗഫ് തിരിച്ചടിച്ചു. “നിങ്ങൾ പരസ്പരം കളിക്കില്ലെന്ന് ആരാധകരെ വിശ്വസിപ്പിക്കുന്നു, പക്ഷേ തിരശ്ശീലയ്ക്ക് പിന്നിൽ, നിങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുകയും ഷോപ്പിംഗിന് പോകുകയും ചെയ്യുന്നു. ഇത് ന്യായമല്ല. അവർ ഒരുമിച്ച് ചുറ്റിനടക്കുന്നു, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, ഒരുമിച്ച് പാർട്ടി നടത്തുന്നു. എന്നാൽ മത്സരം കളിക്കുന്ന കാര്യത്തിൽ വ്യത്യസ്‍ത നിലപാടട് എടുത്ത് പറ്റിക്കുന്നു” റൗഫ് പറഞ്ഞു.
“ഇന്ത്യൻ കളിക്കാർക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത. ഞങ്ങൾ ഒരുമിച്ച് കളിക്കുകയും ഡ്രസ്സിംഗ് റൂമുകൾ പങ്കിടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. കളിക്കളത്തിന് പുറത്ത് ഞങ്ങൾ സുഹൃത്തുക്കളാണ്. ബഹിഷ്‌കരണ നിലപാട് അനാവശ്യമായ ഹൈപ്പ് സൃഷ്ടിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
“മത്സരം കാണാൻ ആഗ്രഹിക്കുന്ന ആരാധകർ നിരാശരാണ്. ഇത് ക്രിക്കറ്റിന് നല്ലതല്ല. നമ്മൾ കളിയോടും ആരാധകരോടും ഒരുപാട് കടപ്പെട്ടിരിക്കുന്നു.”അബ്ദുർ റൗഫ് ഖാൻ പറഞ്ഞു. എന്തായാലും ഇരു രാജ്യങ്ങളും തമ്മിൽ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ മുന്നോട്ട് പോകാത്ത സാഹചര്യത്തിൽ വരാൻ പോകുന്ന ഏഷ്യ കപ്പിൽ ഇന്ത്യ കളിക്കുമോ എന്നുള്ളതും കണ്ടറിയണം.
Discussion about this post