ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടം കൈവരിക്കാനുള്ള ശ്രമത്തിലാണ് ജോ റൂട്ട്. ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗിന്റെ 13,378 ടെസ്റ്റ് റൺസ് എന്ന റെക്കോർഡ് മറികടക്കാൻ 120 റൺസ് മാത്രം അകലെയാണ് താരം. റൂട്ടിന് ഈ നേട്ടത്തിലെത്താൻ കഴിഞ്ഞാൽ, ടെസ്റ്റിൽ എക്കാലത്തെയും ടോപ് സ്കോറർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് താരമെത്തും. സച്ചിൻ ടെണ്ടുൽക്കറുടെ 15,921 റൺസ് മാത്രമാണ് റൂട്ടിന് മുന്നിലുള്ളത്. സച്ചിന്റെ റെക്കോഡ് തകർക്കുക എന്നതാണ് റൂട്ടിന്റെ മുന്നിലെത്താനുള്ള ആത്യന്തിക ലക്ഷ്യമെങ്കിലും അതിനടുത്തെത്താൻ അദ്ദേഹത്തിന് കുറച്ച് വർഷങ്ങൾ കൂടി സ്ഥിരതയാർന്ന പ്രകടനം ആവശ്യമായി വരും എന്ന് പറയാം.
ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അടുത്തിടെ റൂട്ടിനെ പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം ഇതിനകം തന്നെ പോണ്ടിംഗിനെക്കാൾ മികച്ചവനാണെന്ന് പറഞ്ഞു. മാഞ്ചസ്റ്ററിൽ നടക്കാനിരിക്കുന്ന ടെസ്റ്റിന് മുന്നോടിയായി സ്റ്റോക്സ് പറഞ്ഞത് ഇങ്ങനെ: ” എനിക്ക് കൂടുതൽ ഒന്നും പറയാനില്ല, അയാൾ ഗോട്ട് ആണ്”
ടെണ്ടുൽക്കർ-ആൻഡേഴ്‌സൺ ട്രോഫിയിൽ തുടക്കത്തിൽ റൂട്ട് ഫോമിൽ അല്ലായിരുന്നു എങ്കിലും ലോർഡ്‌സിൽ അദ്ദേഹം തന്റെ ഫോം കണ്ടെത്തി. ആദ്യ ഇന്നിംഗ്‌സിൽ മാച്ച് വിന്നിംഗ് സെഞ്ച്വറി നേടി വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഇംഗ്ലണ്ടിന്റെ ഏറ്റവും സ്ഥിരതയുള്ള ടെസ്റ്റ് കളിക്കാരനായ റൂട്ട് WTC-യിൽ 6,000 റൺസ് നേടുന്ന ആദ്യ കളിക്കാരനാകാൻ അദ്ദേഹം ഇപ്പോൾ 204 റൺസ് മാത്രം അകലെയാണ്.
എന്നിരുന്നാലും, വരാനിരിക്കുന്ന ഓസ്‌ട്രേലിയയിലെ ആഷസ് പരമ്പര റൂട്ടിനെ സംബന്ധിച്ച് വലിയ പരീക്ഷണമാണ്. അവിടെ ഇതുവരെ അത്ര മികച്ച പ്രകടനം നടത്താൻ സാധികാത്ത താരത്തിന് ഏറ്റവും വലിയ വേദിയിൽ മികച്ച പ്രകടനം നടത്തിയാലെ ” ഗോട്ട്” ടാഗിനോട് നീതി കാണിക്കാൻ റൂട്ടിന് സാധിക്കൂ.
Discussion about this post